കൊച്ചി: മഹാരാജാസിന്റെ മതിലിൽ പതിഞ്ഞ ആ കൈപ്പട ഇനി മായില്ല. നീറുന്ന ഒരോർമയായ് അതിനിയും ജീവിക്കും. അഭിമന്യു അവസാനമായി എഴുതിയ ‘വർഗീയത തുലയട്ടെ’ എന്ന വാചകം കലാലയത്തിന്റെ ചുവരിലും മായാതെ കിടക്കും. പ്രിയ സഖാവിന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനൊരുങ്ങുന്ന ഒരുകൂട്ടം യുവാക്കളാണ് ഈ നിത്യസ്മാരകത്തിനു പിന്നിൽ.

അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊന്നതിന് കാരണമായി പറയുന്ന ചുവരെഴുത്താണ് ചില്ലിട്ട് ചരിത്രസ്മാരകമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാത്രി എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.

അഭിമന്യുവിന്റെ ആദ്യ രക്തസാക്ഷി സ്മാരകമാണ് കോളേജിന്റെ ഈ മതിൽ. കോളേജിന്റെ കിഴക്കേ ഗേറ്റിന്റെ വലതുവശത്തുള്ള രണ്ടാമത്തെ പാളിയാണ് ചുവന്ന ഫ്രെയ്‌മിട്ട് വെള്ളംവീഴാത്തവിധം റൂഫിട്ട് സംരക്ഷിക്കുന്നത്. ഈ ഭാഗത്ത് മുഴുവനായി ചില്ലും ഇട്ടു. ‘അഭിമന്യു മഹാരാജാസ് സ്മാരക മതിൽ’ ആയി ഇവിടം സംരക്ഷിക്കാനാണ് എസ്.എഫ്.ഐ. യൂണിറ്റിന്റെ തീരുമാനം.

മഹാരാജാസ് എന്ന വികാരമാണ് അഭിമന്യുവിനെ വട്ടവടയിൽ നിന്ന് എറണാകുളത്ത് എത്തിച്ചത്. സ്വന്തം കാമ്പസ് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവായി പേരിനൊപ്പം മഹാരാജാസ് എന്നുകൂടി ചേർത്തിരുന്നു അഭിമന്യു. ‘മഹാരാജാസിലെ നിശ്ശബ്ദസാന്നിധ്യമായി അഭിമന്യു ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അവന്റെ ആഗ്രഹങ്ങൾ സാധിക്കുന്നതിനൊപ്പം അവന്റെ ഓർമകൾക്ക് മേൽ ഒരുചെറുപോറൽ പോലുമേൽക്കാതിരിക്കാനായി ഒത്തൊരുമിച്ച് മുന്നേറും’ - അഭിമന്യുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു.

മതിലിന്റെ പാളികളിൽ ഫ്രെയിം പണികൾ പുരോഗമിച്ചുവരികയാണെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ് പറഞ്ഞു.