കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും റീജണല്‍ കാന്‍സര്‍സെന്റര്‍, മലബാര്‍ കാന്‍സര്‍സെന്റര്‍ എന്നിവിടങ്ങളിലും രക്തദാനസമയത്ത് ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ആര്‍.സി.സി.യില്‍ ചികിത്സയ്ക്കിടെ കുട്ടിക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഈയാവശ്യം ഉന്നയിച്ചത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തിയാല്‍ രക്തം പരമാവധി സുരക്ഷിതമെന്ന് ഉറപ്പിക്കാന്‍ സാധിക്കും.

ഇപ്പോള്‍ കൊച്ചി ഐ.എം.എ.യുടെ രക്തബാങ്ക്, കൊച്ചിയിലെ സ്വകാര്യ ആസ്​പത്രികളായ ആസ്റ്റര്‍ മെഡ്‌സിറ്റി, അമൃത എന്നിവിടങ്ങളിലേ 'നാറ്റ് ' സൗകര്യമുള്ളൂ. ഒരു പരിശോധനയ്ക്ക് 800-1000 രൂപവരെയാണ് ചെലവ്. എച്ച്.ഐ.വി. ബാധയുണ്ടായി 11 ദിവസം കൊണ്ടുപോലും തിരിച്ചറിയാമെന്നതാണ് ഈ പരിശോധനയുടെ ഗുണം. സാധാരണ എലിസ ടെസ്റ്റില്‍ 22 ദിവസം വരെയെടുക്കും.

കേരളത്തില്‍ ഒരുവര്‍ഷം ആറുലക്ഷത്തോളം രക്തദാനം നടക്കുന്നുണ്ട്. ഇത്രയും രക്തസാമ്പിളുകള്‍ക്ക് ന്യൂക്ലിക് ആസിഡ് പരിശോധന നടത്താന്‍ 60 കോടിയോളം രൂപ ചെലവുവരും. നൂറുശതമാനം സുരക്ഷിതമെന്ന് ഉറപ്പില്ലാത്ത ടെസ്റ്റിന് ഇത്രയധികം പണം ചെലവഴിക്കുന്നത് പ്രായോഗികമല്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു.

വര്‍ഷംതോറും 2000 രക്തസാമ്പിളുകളില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്ന രക്തബാങ്കുകളെ രക്തഘടകം വേര്‍തിരിക്കല്‍ കേന്ദ്രങ്ങളായും 2000-ത്തില്‍ താഴെയുള്ളവയെ രക്തസംഭരണ കേന്ദ്രങ്ങളുമാക്കണമെന്ന് ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (നാക്കോ) അഞ്ചുവര്‍ഷംമുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാനും ആലോചനയുണ്ട്.

രക്തഘടകം വേര്‍തിരിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് രക്തം ശേഖരിച്ച് സംഭരിക്കുന്ന ചുമതലയേ സംഭരണകേന്ദ്രങ്ങള്‍ക്കുണ്ടാവൂ. ഇവിടെ പരിശോധനകളില്ല. പരിശോധനാകേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കുന്നത് കാര്യക്ഷമത കൂട്ടുമെന്നാണ് നിഗമനം.