കൊച്ചി: ഒരു വിഭാഗം മദ്യവില്പന ശാലകള്‍ അടച്ചുപൂട്ടിയതു മൂലം കേരളത്തില്‍ അപകടകരമായ സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇതുമൂലമാണ് ലഹരിമരുന്നു കേസുകള്‍ നാലിരട്ടി വര്‍ധിച്ചതെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുകയാണ്. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. ഒരു സുപ്രഭാതത്തില്‍ ആളുകളുടെ ശീലം മാറ്റാന്‍ കഴിയില്ല. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തിലും ബിഹാറിലും വ്യാജമദ്യം കഴിച്ച് ദിവസം അന്‍പതു പേരെങ്കിലും മരിക്കുന്നുണ്ട്.

കേരളത്തില്‍ മദ്യശാലകള്‍ പൂട്ടിയതോടെ വ്യാജവാറ്റിനുള്ള ശ്രമം വ്യാപകമായിട്ടുണ്ട്. അതിന്റെ ഭാഗമായി വന്‍തോതില്‍ സ്​പിരിറ്റ് സംഭരണവും നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയ കൊല്ലത്താണ് ഏറ്റവുമധികം സ്​പിരിറ്റ് പിടിച്ചത്.

മദ്യനിരോധനവും മദ്യവില്പന ശാലകളുടെ അടച്ചുപൂട്ടലും ലഹരി ഉപയോഗം കൂട്ടിയോ എന്നതിനെക്കുറിച്ച് പഠിക്കണം. കേരളത്തില്‍ ലഹരിമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ല. മിക്ക കേസുകളിലും ലഹരിമരുന്നു കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്​പരം അറിയുന്നു പോലുമില്ല.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി.) യുടെ കണക്കുപ്രകാരം അമൃത്!സര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരിമരുന്നുപയോഗിക്കുന്ന നഗരം കൊച്ചിയാണ്. എന്നാല്‍ കേസുകളുടെ എണ്ണം മാത്രമാണ് എന്‍.സി.ആര്‍.ബി. ആധാരമാക്കുന്നത്. ഒരു ഗ്രാം കഞ്ചാവ് പിടിച്ചാലും കേരളത്തില്‍ കേസെടുക്കും. എന്നാല്‍ യു.പി. പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാറില്ല. മരണം നടന്നാല്‍ പോലും യു.പി.യില്‍ െേകസടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് നടത്തിയത് 1.27 ലക്ഷം പരിശോധനകളാണ്. 23,600 അബ്കാരി കേസുകളിലായി 22,000 പേര്‍ അറസ്റ്റിലായി. 3600 എന്‍.ഡി.പി.എസ്. (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്)) കേസുകളിലായി 3900 പേരെ അറസ്റ്റ് ചെയ്തു. 10,400 ലിറ്റര്‍ അനധികൃത മദ്യം, 2780 ലിറ്റര്‍ സ്​പിരിറ്റ്, 34,200 ലിറ്റര്‍ വിദേശ മദ്യം, 1.48 ലക്ഷം ലിറ്റര്‍ വാഷ്, 22,200 ലിറ്റര്‍ അരിഷ്ടം, 830 കിലോഗ്രാം കഞ്ചാവ്, 2892 കഞ്ചാവ് ചെടി, 135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2573 ലഹരി ഗുളിക എന്നിവയും പിടികൂടി. രണ്ടു കോടി രൂപ തൊണ്ടിമുതലായി കണ്ടുകെട്ടിയതായും അദ്ദേഹം പറഞ്ഞു.