sanishആലുവ: ഒരു കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നുകളുമായി കച്ചവടക്കാരന്‍ പിടിയില്‍. കുമ്പളം ബ്ലായിത്തറ വീട്ടില്‍ സനീഷിനെയാണ് (32) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ഡാന്‍സ് പാര്‍ട്ടികള്‍ക്കും നിശാമേളകള്‍ക്കും ലഹരിവസ്തുകള്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയാണിയാള്‍. അന്താരാഷ്ട്ര ലഹരി മരുന്നായ 'എക്സ്റ്റസി' എന്നു പേരുള്ള എം.ഡി.എം.എ., കൊക്കെയിന്‍, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്.

കുണ്ടന്നൂര്‍ ട്രാഫിക് സിഗ്നല്‍ പരിസരത്തു വച്ചാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. സജി ലക്ഷ്മണനും സംഘവും സനീഷിന്റെ കാറില്‍ പരിശോധന നടത്തിയത്.

പരല്‍ രൂപത്തിലുള്ള 47 ഗ്രാം എം.ഡി.എം.എ., മൂന്നു ഗ്രാം ദ്രവരൂപത്തിലുള്ള എം.ഡി.എം.എ., പതിനൊന്നു ഗ്രാം കൊക്കെയിന്‍, 250 ഗ്രാം ഹാഷിഷ് ഓയില്‍, 205 ഗ്രാം ചരസ്, ഇവ തൂക്കാനുപയോഗിക്കുന്ന മൊബൈല്‍ രൂപത്തിലുള്ള ത്രാസ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്.

15 ലക്ഷം രൂപ വില വരുന്ന ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ എക്‌സൈസ് സംഘം കേരളത്തില്‍ പിടികൂടുന്നത് ആദ്യമാണ്.

ഗോവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് സനീഷ് എന്ന് എക്‌സൈസ് അറിയിച്ചു. ഗോവയില്‍ നിന്നാണ് വില കൂടിയ എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നുകള്‍ കൊച്ചിയില്‍ എത്തിക്കുന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുറഞ്ഞ വില നല്‍കി ഗോവയില്‍നിന്ന് വന്‍ തോതില്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്ന് ഇവിടെ കൂടിയ വിലയ്ക്കാണ് വിറ്റിരുന്നത്. ലഹരിവസ്തുക്കള്‍ കൊണ്ടുവരാനായി എട്ട് തവണയെങ്കിലും ഇയാള്‍ ഗോവയിലേക്ക് യാത്ര നടത്തിയിരുന്നതായി എക്‌സൈസ് കരുതുന്നു.

രണ്ടാഴ്ചയായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എം.കെ. നാരായണന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ബെന്നി ഫ്രാന്‍സിസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
 
അന്വേഷണം സിനിമാ മേഖലയിലേക്കും

എക്‌സൈസ് സംഘം പിടികൂടിയ ലഹരിമരുന്നുകള്‍

ആലുവ: ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിയുന്നവരുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിവസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതെന്ന് എക്സൈസ് പറയുന്നു. ഒരു കോടി രൂപ വില വരുന്ന ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ ലഹരിയുടെ കണ്ണികള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് എക്സൈസ് സംഘം.

ഡാന്‍സ് പാര്‍ട്ടികളും നിശാമേളകളുമാണ് പ്രധാന കച്ചവട കേന്ദ്രങ്ങള്‍. കൊച്ചിയിലെ വന്‍കിട ഹോട്ടലുകളിലേക്കെന്ന പേരിലും പ്രതി സനീഷിനെ സമീപിച്ച് ലഹരിവസ്തുക്കള്‍ വാങ്ങിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകള്‍ സനീഷിന്റെ പ്രധാന വില്പന കേന്ദ്രമായിരുന്നെന്നും ഉദ്യോഗസ്ഥ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലേക്കെന്നു പറഞ്ഞ് സനീഷിന്റെ അടുത്ത് ഉപഭോക്താക്കള്‍ എത്താറുണ്ടായിരുന്നുവെന്ന് എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ശക്തമായി നിരീക്ഷിക്കാന്‍ എക്സൈസ് സംഘം തീരുമാനിച്ചു.

സനീഷിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ലഭ്യമായാല്‍ കേസിലെ പ്രധാന കണ്ണികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ.

ഉന്മാദാവസ്ഥ ദിവസങ്ങളോളം

ആലുവ: പരല്‍, ദ്രവ രൂപത്തിലുള്ള എം.ഡി.എം.എ. കുറഞ്ഞ അളവില്‍ ഒരു തവണ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകള്‍ കഴിഞ്ഞാണ് കെട്ടുവിടുക. ചിലപ്പോള്‍ ദിവസങ്ങളോളം ഉന്മാദാവസ്ഥ നിലനില്‍ക്കും. അതിനാല്‍ ഇത്തരം ലഹരി വസ്തുക്കളുടെ ചെറിയ അളവിനു പോലും വന്‍ വിലയാണ് ഈടാക്കിയിരുന്നത്.

കൊക്കെയിനിനും ഹാഷിഷിനും ഗ്രാമിന് 5000 മുതല്‍ 6000 രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. 100 മില്ലി ഗ്രാമിന് 5000 മുതല്‍ 6500 രൂപ വരെ വാങ്ങിയിരുന്നു. ഇതേ അളവിന് മോഹവിലയായി 11,000 രൂപ വരെ ഉണ്ടെന്നും എക്സൈസ് സംഘത്തിന്റെ പിടിയിലായ പ്രതി സനീഷ് പറഞ്ഞു. ചെറിയ പഞ്ചസാരക്കട്ടയില്‍ ഒരു തുള്ളി ദ്രവ രൂപത്തിലുള്ള എം.ഡി.എം.എ. ഇട്ടു നല്‍കാന്‍ 1500 രൂപ വരെയാണ് വാങ്ങിയിരുന്നത്. ഗോവയില്‍ നിന്ന് നാലായിരം രൂപ വരെ നല്‍കിയാണ് ഒരു ഗ്രാം എം.ഡി.എം.എ. വാങ്ങുന്നത്.