കൊച്ചി: ബജറ്റ് ചോര്‍ച്ചയുടെപേരില്‍ മന്ത്രി തോമസ് ഐസക്കിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍. ഇത് ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

ധനമന്ത്രി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ബജറ്റ് പ്രഖ്യാപനദിവസമായ മാര്‍ച്ച് മൂന്നിന് രാവിലെ ഒരുപത്രത്തില്‍ ബജറ്റിലെ ചില വിവരങ്ങള്‍ അതേപടി വന്നിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ കുറിപ്പാണ് പുറത്തുപോയതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, പത്രത്തില്‍ വന്ന വിവരങ്ങള്‍ ആ കുറിപ്പിലുള്ളതല്ല.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍, മുഖ്യമന്ത്രി, ധനമന്ത്രി തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പത്രത്തിന്റെ കണ്‍ട്രോളിങ് എഡിറ്റര്‍ സി.പി. രാജശേഖരന്‍, സംസ്ഥാന പോലീസ്‌മേധാവി എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

തോമസ് ഐസക്, രമേശ് ചെന്നിത്തല, പത്രത്തിന്റെ എഡിറ്റര്‍ എന്നിവര്‍ക്കെതിരേ ഔദ്യോഗികരഹസ്യനിയമം അനുസരിച്ച് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.