കണ്ണൂര്‍: വ്യവസായ വികസനത്തില്‍ പുത്തനുണര്‍വ് പകര്‍ന്ന് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലേക്ക്. പതിവിന് വിപരീതമായി സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ലാഭം 18.62 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 44.5 കോടി രൂപ നഷ്ടമുണ്ടായ സ്ഥാനത്താണിത്.

നാലു സ്ഥാപനങ്ങളാണ് പുതുതായി ലാഭത്തിലേക്ക് വന്നത്. ആര്‍ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവ. സാധാരണഗതിയില്‍ അവസാനത്തെ പാദത്തിലാണ് വിറ്റുവരവിന്റെ സിംഹഭാഗവും ലഭിക്കുക. ആദ്യ പാദത്തില്‍ ചെലവ് കൂടുകയും വരവ് കുറയുകയുമാണ് പതിവ്. ആദ്യ പാദത്തില്‍ത്തന്നെ ഗണ്യമായ ലാഭമുണ്ടാക്കാന്‍ സാധിച്ചത് വ്യവസായക്കുതിപ്പിന്റെ സൂചനയായാണ് വകുപ്പിന്റെ വിലയിരുത്തല്‍.

ലാഭക്കണക്ക്

* 39 സ്ഥാപനങ്ങളില്‍ പത്തെണ്ണം ലാഭത്തില്‍.

* 10 എണ്ണത്തിന്റെ മൊത്തവരുമാനം 462.88 കോടി. ലാഭം 76.74 കോടി.

* 2015-16 സാന്പത്തിക വര്‍ഷത്തില്‍ എട്ടു കമ്പനികള്‍ ലാഭത്തിലും 31 കമ്പനികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖലാ വ്യവസായത്തിന്റെ മൊത്തം നഷ്ടം 131 കോടി.

* കഴിഞ്ഞ സാമ്പത്തികവര്‍ഷത്തോടെ ലാഭത്തിലുള്ള കമ്പനികള്‍ പത്തെണ്ണമായി. മൊത്തം നഷ്ടം 80 കോടിയായി കുറഞ്ഞു.

ലാഭത്തിലുള്ള സ്ഥാപനങ്ങള്‍

(ഏപ്രില്‍മുതല്‍ ജൂണ്‍വരെ)

1. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് 52.6 കോടി

2. ട്രാവന്‍കൂര്‍ ടൈറ്റാനിയം 8.56 കോടി

3. ടി.സി.സി. 8.17 കോടി

4. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 6.08 കോടി

5. മലബാര്‍ സിമന്റ് 48.42 ലക്ഷം

6. കേരള സ്റ്റേറ്റ് ഇലക്േട്രാണിക് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഇ.ഡി.സി.) 44 ലക്ഷം

7. ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 20.67 ലക്ഷം

8. ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രി 6.78 ലക്ഷം

9. ആര്‍ടിസാന്‍സ്‌ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 4.53 ലക്ഷം

10. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് (സില്‍ക്ക്) 4.25 ലക്ഷം


നഷ്ടക്കണക്ക്

* നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 29 സ്ഥാപനങ്ങളുടെ മൊത്തവരുമാനം 176.48 കോടി. നഷ്ടം 58.12 കോടി.

* നഷ്ടം 226.55 കോടിയില്‍നിന്ന് 160 കോടിയായി കുറയ്ക്കാനായി.

* ടെക്‌സ്‌ഫെഡിന്റെ കീഴിലുള്ളതുള്‍പ്പെടെ സ്​പിന്നിങ്മില്ലുകള്‍ നഷ്ടം കുന്നുകൂട്ടുന്നതില്‍ മത്സരം തുടരുന്നു.