കട്ടപ്പന: ഫേസ്ബുക്കില്‍ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കുന്തളംപാറ മുടത്താംകുടിയില്‍ രാഹുല്‍ (22), കാമാക്ഷി അത്തിയാലില്‍ ബിബിന്‍ (21) എന്നിവരെയാണ് കട്ടപ്പന സി.ഐ. വി.എസ്.അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കട്ടപ്പനയിലെ സ്വകാര്യ വിദ്യാഭ്യാസകേന്ദ്രത്തില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും രാഹുലും ഫേസ്ബുക്കിലൂടെയാണ് സൗഹൃദത്തിലായത്. പ്രണയത്തിലായശേഷം പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും അകന്നു. രാഹുലും പെണ്‍കുട്ടിയുമായി പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ബന്ധുവഴി അറിഞ്ഞ ബിബിന്‍ പ്രശ്‌നപരിഹാരത്തിനെന്നപേരില്‍ ഫേസ്ബുക്കിലൂടെത്തന്നെ പെണ്‍കുട്ടിയുമായി അടുത്തു. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്നുപറഞ്ഞ് ശനിയാഴ്ച കുട്ടിയുമായി വിനോദസഞ്ചാരകേന്ദ്രമായ കല്യാണത്തണ്ടില്‍ എത്തി. വിജനമായ പ്രദേശത്ത് രാത്രിയില്‍ തങ്ങി.

ഇതിനിടെ, ശനിയാഴ്ച വൈകീട്ടുമുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇവര്‍ കല്യാണത്തണ്ടിലുണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്തു. തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.