home guardകണ്ണൂര്‍: തിരക്കുപിടിച്ച റോഡിലെ 'ചലിക്കുന്ന സിഗ്നല്‍യന്ത്രം' എന്ന് യാത്രക്കാര്‍ വിളിക്കുന്ന ഹോംഗാര്‍ഡ് മാധവേട്ടന് ജോലി മടുത്തു. തത്കാലം ഈ ജോലി മതിയാക്കുകയാണ്. ഇഷ്ടപ്പെടാത്തത് കൊണ്ടല്ല, മറിച്ച് മതിയാക്കുന്നതാണ് നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നു. എന്തോ ചില പ്രശ്‌നങ്ങള്‍ ഉള്ളിലൊളിപ്പിച്ച് അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ 63 വയസ്സുവരെ തുടരാം ഇപ്പോള്‍ 59 വയസ്സായി.

എട്ടുവര്‍ഷമായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ട്. മേലെചൊവ്വയിലെ തിരക്കുപിടിച്ച കവലയില്‍ ട്രാഫിക് ബ്ലോക്ക് തീരെയില്ലാതെ കൈകാര്യംചെയ്യുക വഴി യാത്രക്കാരുടെയും വാഹനഡ്രൈവര്‍മാരുടെയും പ്രിയപ്പെട്ട ഹോംഗാര്‍ഡായിരുന്നു തളിപ്പറമ്പ് മുയ്യം സ്വദേശി മാധവന്‍. റിട്ട. ഓണററി ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഈ ജോലിയോടുള്ള താത്പര്യം കൊണ്ടാണ് ഇതില്‍ വന്നത്. തന്റെ ആത്മാര്‍ഥമായ ജോലി നേരിട്ടനുഭവിച്ച പല സംഘടനകളും അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചു. ചുരുങ്ങിയകാലംകൊണ്ട് 45-ലധികം പുരസ്‌കാരങ്ങള്‍ ആണ് മാധവന് ലഭിച്ചത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയ ദിവസം മേലെചൊവ്വയില്‍ സിഗ്നല്‍ തെറ്റിച്ച് മുന്നോട്ടുവന്ന ഒരു വാഹനം അദ്ദേഹം തടഞ്ഞു. തടഞ്ഞതിന്റെ പേരില്‍ വാക്കേറ്റം ഉണ്ടായി. അദ്ദേഹം പരാതിയും നല്‍കി. അതിന്റെ ഭാഗമായാണത്രെ മാധവനെ മേലെചൊവ്വയില്‍നിന്ന് മാറ്റി. പിന്നെ അദ്ദേഹം താഴെചൊവ്വയിലും പുതിയതെരുവിലും തെക്കിബസാറിലും മാറിമാറി നിയോഗിക്കപ്പെട്ടു. അതിനിടെ മേലെചൊവ്വയില്‍നിന്ന് യാത്രക്കാരും മറ്റും വിളിച്ചുചോദിക്കാന്‍ തുടങ്ങി. തന്നെ മേലെചൊവ്വയില്‍ നിന്ന് മാറ്റിയത് ഓണററി ക്യാപ്റ്റന്‍ കൂടിയായ മാധവന് വിഷമമായി. ആത്മാര്‍ഥമായി ജോലിചെയ്തതാണ് തന്നെ മാറ്റാന്‍ കാരണമെന്ന വിഷമവും അദ്ദേഹത്തിനുണ്ട്.

കുറച്ചുദിവസങ്ങള്‍ മാത്രമേ ഇനി ഉണ്ടാവൂ. ആരോടും വിഷമമൊന്നുമില്ല. ആത്മാര്‍ഥതയോടെ ജോലിചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒരുപാട് സ്‌നേഹിതരേയും ലഭിച്ചു -അദ്ദേഹം പറഞ്ഞു. അതിനിടെ മാധവനെ മേലെചൊവ്വയില്‍നിന്ന് മാറ്റിയതില്‍ ആ മേഖലയില്‍ ഉള്ളവര്‍ക്ക് എതിര്‍പ്പുണ്ട്.