തിരുവനന്തപുരം: അട്ടപ്പാടി എങ്ങനെയുണ്ട്? -തന്നെക്കാണാനെത്തിയ ഇറോം ശര്‍മിളയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. 'കൊള്ളാം. അവിടം സ്വര്‍ഗമാണ്'- മൗനത്തോളംപോന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു.

മണിപ്പുരിലെ സൈനികാധികാര പ്രത്യേകനിയമത്തിനെതിരേയുള്ള തന്റെ പോരാട്ടത്തിനു പിന്തുണതേടിയാണ് ഇറോം ശര്‍മിള സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. ഈ കൂടിക്കാഴ്ചയ്ക്കുശേഷം താന്‍ മുമ്പത്തെക്കാള്‍ സന്തുഷ്ടയാണെന്ന് അവര്‍ പറഞ്ഞു. സാമൂഹിക അവബോധമുള്ള കേരളജനതയിലുള്ള പ്രതീക്ഷയും ഇറോം ശര്‍മിള പ്രകടിപ്പിച്ചു.

മണിപ്പുരിലെ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം അട്ടപ്പാടിയില്‍ എത്തിയ ഇറോം ശര്‍മിള തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിയത്.

വി.എസ്. അച്യുതാനന്ദന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായും ചര്‍ച്ചനടത്തി. 'എല്ലാവരും പിന്തുണ ഉറപ്പുനല്‍കി. ഈ പോരാട്ടത്തിന്റെ വിജയത്തിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുകയാണ് ഇനി തന്റെ ദൗത്യം' -തുടര്‍ന്ന് കേസരിസ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസില്‍ അവര്‍ പറഞ്ഞു.

മണിപ്പുരിലെ ജനതയെ പണാധികാരവും തിണ്ണമിടുക്കും ചേര്‍ന്ന് മയക്കിക്കിടത്തിയിരിക്കുന്നു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെങ്കിലും താന്‍ സ്ഥാപിച്ച പ്രജാപാര്‍ട്ടി നിലനില്‍ക്കണമെന്നാണ് ആഗ്രഹം. ''മണിപ്പുരിലെ ജനം എന്നെ നിരസിച്ചപ്പോള്‍ തകര്‍ന്നുപോയി. ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, ശരിയായ തിരഞ്ഞെടുപ്പിന് അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. ഞാന്‍ എന്റെ പോരാട്ടം തുടരും'' -തിരഞ്ഞെടുപ്പില്‍ വെറും 90 വോട്ടുനേടി പരാജയപ്പെട്ടതിനെക്കുറിച്ച് അവര്‍ പ്രതികരിച്ചു. പ്രജാപാര്‍ട്ടിയുടെ സെക്രട്ടറി നജ്മയും അവരോടൊപ്പം ഉണ്ടായിരുന്നു. മണിപ്പുരില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുസ്ലിം വനിതയാണ് നജ്മ. ഇവര്‍ക്ക് കിട്ടിയത് 33 വോട്ടും.

കേരളത്തില്‍ വന്നാണ് താന്‍ ആദ്യമായി കടല്‍ കണ്ടത്. മണല്‍ത്തരികളുടെയും ഓളങ്ങളുടെയും മനോഹാരിത ആദ്യമായി കണ്‍മുന്നിലെത്തിയപ്പോള്‍ നിരാഹാരം അവസാനിപ്പിക്കാനും പുറംലോകത്തേക്ക് ഇറങ്ങാനുമുള്ള തന്റെ തീരുമാനം ശരിയായെന്ന് മനസ്സിലായി.

''ഒരു പ്രതിഷ്ഠയായി കാണപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സന്തോഷങ്ങളും സങ്കടങ്ങളും ആദരവും പരസ്​പരം പങ്കുവെയ്ക്കുന്ന, മറ്റുള്ളവരോടൊപ്പം ഈ ലോകത്തിന്റെ സൗന്ദര്യങ്ങള്‍ ആസ്വദിക്കാനാവുന്ന ലോകമാണ് എനിക്കുവേണ്ടത്'' -അവര്‍ പറഞ്ഞു.

ഔദ്യോഗികവസതിയിലെത്തിയാണ് വി.എസിനെ കണ്ടത്. കോടിയേരി ബാലകൃഷ്ണനെ എ.കെ.ജി. സെന്ററിലെത്തിയും. താന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അയ്യങ്കാളിമുതല്‍ പശ്ചിമഘട്ടംവരെ' എന്ന പുസ്തകം നല്‍കിയാണ് അച്യുതാനന്ദന്‍ അവരെ യാത്രയാക്കിയത്.

ഒരുമാസംകൂടി കേരളത്തിലുണ്ടാകുമെന്നും അതിനുശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെക്കണ്ട് പോരാട്ടത്തിന് പിന്തുണതേടുമെന്നും അച്യുതാനന്ദനോട് അവര്‍ പറഞ്ഞു. രാവിലെ, റെയില്‍വേസ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇറോം ശര്‍മിളയെ സ്വീകരിച്ചു.