തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54-ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇടയ്ക്കിടെയുള്ള കാലാവസ്ഥാമാറ്റമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഇടവിട്ടുള്ള മഴയില്‍ കൊതുകുപെരുകുന്നു.

ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 18 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു. എച്ച് 1 എന്‍ 1 ബാധിച്ച് ഏപ്രിലില്‍ മാത്രം 68 പേരെയാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചു. 280 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. നാലുപേര്‍ മരിച്ചു. ഈ മാസം ഇതുവരെ 61 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊല്ലം ജില്ലയാണ് ഡെങ്കിപ്പനിയില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നില്‍. കഴിഞ്ഞമൂന്നുമാസത്തിനിടെ ജില്ലയില്‍ രോഗം ബാധിച്ചത് 109 പേര്‍ക്ക്.

കടുത്ത പനിക്കൊപ്പം ശരീരവേദന, തലവേദന, ശരീരത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഡെങ്കിയുടെ ലക്ഷണമാണ്. വൈറസ് രോഗമായ എച്ച് 1 എന്‍ 1 തുമ്മലിലൂടെയും ചുമയിലൂടെയും മറ്റുമാണ് പകരുന്നത്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. സാധാരണ വൈറല്‍ പനി ഭേദമാകാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരും.

ഡെങ്കി, എച്ച് 1 എന്‍ 1 തുടങ്ങിയക്കെതിരേ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമായ മരുന്ന് സര്‍ക്കാര്‍ ആസ്​പത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.
 
ആരോഗ്യവകുപ്പിന്റെ പ്രധാനനിര്‍ദേശങ്ങള്‍
 
*പനിക്കുള്ള എല്ലാ മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക

*ചൂടുള്ള പാനീയങ്ങള്‍ നിരന്തരം കുടിക്കുക

*ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ നിശ്ചയമായും ആസ്​പത്രിയില്‍ എത്തുക

* ഗര്‍ഭിണികളും പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കരള്‍-വൃക്ക രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രതപുലര്‍ത്തുക.
 
ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി
 
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പകര്‍ച്ചവ്യാധി മുന്നില്‍ക്കണ്ടുകൊണ്ട് നേരത്തേതന്നെ നടപടിയെടുത്തിരുന്നു. സര്‍ക്കാര്‍ ആസ്​പത്രികളില്‍ കൃത്യമായി മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മരുന്നു ക്ഷാമമില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ അറിയിച്ചു.

ഈ വര്‍ഷം ഡെങ്കിപ്പനി പടരുന്നതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പൊതുവേ മേയ്, ജൂണ്‍ മാസങ്ങളില്‍ പടരുന്ന രോഗം ഇത്തവണ നേരത്തേ റിപ്പോര്‍ട്ടുചെയ്തു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. കൊതുകു നശീകരണപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.