കാഞ്ഞങ്ങാട്: നന്മയുടെയും സ്‌നേഹത്തിന്റെയും തിരികള്‍ പ്രകാശിതമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊളുത്തിയ നിലവിളക്കില്‍നിന്നുള്ള ദീപപ്രഭ കാട്ടുമാടത്തെ സായിഗ്രാമത്തില്‍ ചൈതന്യം വിതറി. 36 കുടുംബങ്ങള്‍ പുതുജീവിതത്തിന്റെ, ആഹ്ലാദത്തിന്റെ, പ്രതീക്ഷയുടെ പ്രകാശത്തില്‍ ഇനി പുതിയ വീട്ടിലേക്ക്. വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഇത്രയധികം വീടുകള്‍ ഒന്നിച്ച് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് കൈമാറുന്നത് ആദ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്തിലെ കാട്ടുമാടത്ത് അനുവദിച്ചുനല്കിയ സ്ഥലത്ത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വീടുകള്‍ വച്ചുനല്കിയത്. സായിപ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പഞ്ചായത്തിലും കിനാനൂര്‍-കരിന്തളം, എന്‍മകജെ ഗ്രാമപ്പഞ്ചായത്തുകളിലുമായി 108 വീടുകളാണ് ട്രസ്റ്റ് നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് കാട്ടുമാടത്തെ സായിഗ്രാമത്തില്‍ ഒരുങ്ങിയത്.

സ്വയംതൊഴില്‍ പരിശീലനകേന്ദ്രം, ബാലവാടി, കുട്ടികളുടെ പാര്‍ക്ക്, കലാപരിപാടികള്‍ നടത്താനുള്ള സ്ഥിരം സ്റ്റേജ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കാട്ടുമാടത്തെ സത്യസായി ഗ്രാമം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പുതിയ വീടുകള്‍ അനുവദിച്ചവര്‍ക്ക് സ്ഥലത്തിന്റെ പട്ടയം കൈമാറി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രാഥമികാരോഗ്യകേന്ദ്രത്തിന് തറക്കല്ലിട്ടു.

കുടിവെള്ളപദ്ധതി പി.കരുണാകരന്‍ എം.പി.യും തുറന്ന സ്റ്റേജ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യും സ്വയംതൊഴില്‍ പരിശീലന പദ്ധതി കേന്ദ്രം എം.രാജഗോപാലന്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്തു.

നടന്‍ ജയസൂര്യ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, ജില്ലാപഞ്ചായത്തംഗം വി.പി.പി.മുസ്തഫ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ശാരദ എസ്.നായര്‍, സി.കുഞ്ഞിക്കണ്ണന്‍, സി.രാമചന്ദ്രന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, ട്രസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുന്നു - മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി 450 കോടിരൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍മുന്നില്‍നിന്ന് പ്രവര്‍ത്തിക്കും.

ദുരിതബാധിതരുടെ ക്ഷേമത്തിനായുള്ള സത്യസായി സേവാട്രസ്റ്റിന്റെ സേവനം മാതൃകാപരമാണ്. മതേതരമായ ആത്മീയതയാണ് ഇവിടെ പ്രകടമാകുന്നത്. എന്നാല്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കപട ആത്മീയകേന്ദ്രങ്ങള്‍ കാണാതെ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.