ettumanoor
ഏറ്റുമാനൂരില്‍ അക്രമികള്‍ തീയിട്ട ബി ജെ പി
മണ്ഡലം കമ്മറ്റി ഓഫീസില്‍
ജില്ലാ പ്രസിഡന്റ് എന്‍ ഹരി സന്ദര്‍ശിക്കുന്നു
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ബി.ജെ.പി. മണ്ഡലം കമ്മിറ്റി ഓഫീസിന് തീ വെച്ചു. ടൗണില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം പഴയ എം.സി. റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസിലെ പതാകകളും വയറിങ്ങും കത്തിനശിച്ചു. മേല്‍ക്കൂരയ്ക്കും നാശമുണ്ട്.

ഫൊറന്‍സിക് വിദഗ്ദ്ധരുള്‍പ്പൈട സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച ഓഫീസ് തുറന്നിരുന്നില്ല. തിങ്കളാഴ്ച രാവിലെ ഓഫീസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.

ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ചയോ ആണ് സംഭവം നടന്നതെന്നാണ് നിഗമനം. ഏറ്റുമാനൂരില്‍ അടുത്തിടെ ആര്‍.എസ്.എസ്. കാര്യാലയത്തിനും തീയിട്ടിരുന്നു. രണ്ട് സംഭവങ്ങളും സമാനമായ രീതിയിലാണെന്ന് പോലീസ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്കുമുന്പ് പ്രദേശത്ത് സി.പി.എം.-ആര്‍.എസ്.എസ്. സംഘര്‍ഷം നിലനിന്നിരുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, കൗണ്‍സിലര്‍ ഗണേശ് ഏറ്റുമാനൂര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

ആക്രമണത്തിനെതിരേ ശനിയാഴ്ച ഏറ്റുമാനൂരില്‍ പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു. ഏറ്റുമാനൂരപ്പന്‍ കോളേജിലെ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘര്‍ഷമാണ് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു.

ആക്രമണം ആസൂത്രിതം-എന്‍.ഹരി

ബി.ജെ.പി. മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെയ്ക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. പ്രകോപനം സൃഷ്ടിക്കാന്‍ സി.പി.എം. നേതൃത്വം നീക്കം നടത്തുകയാണെന്നും ഹരി കുറ്റപ്പെടുത്തി. സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം. പ്രാദേശികനേതൃത്വം വ്യക്തമാക്കി.