എരമംഗലം: പെരുമ്പടപ്പ് പോലീസും മാറഞ്ചേരിയിലെ നാട്ടുകാരും ഒരുമിച്ചതോടെ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം അരമണിക്കൂറിനുള്ളില്‍ സമാഹരിച്ചു. തിങ്കളാഴ്ച രാവിലെ ആറിനാണ് മാറഞ്ചേരിയിലെ വടമുക്ക്-അധികാരിപ്പടി റോഡിലെ മാറഞ്ചേരി കുളത്തിനു സമീപത്തെ വഴിയില്‍ തമിഴ്‌നാട് നാഗപട്ടണം നാഗമവട്ടം സ്വദേശിയായ സുബ്രഹ്മണ്യനെ(42) മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുബ്രഹ്മണ്യന്റെ ബന്ധുവായ കൃപാനിധി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മൃതദേഹപരിശോധനയ്ക്കും ശേഷം നാട്ടിലെത്തിക്കാന്‍ മാറഞ്ചേരി കരുണ പാലിയേറ്റീവ് കെയറിലെ ആംബുലന്‍സ് തയ്യാറാക്കി. തമിഴ്‌നാട് നാഗപട്ടണം നാഗമവട്ടത്തേക്ക് എത്താനുള്ള ഇന്ധനം മാത്രം അടിച്ചുതന്നാല്‍ മതിയെന്നും ആംബുലന്‍സിന് വാടകവേണ്ടെന്നും ഡ്രൈവര്‍ ബത്ത വേണ്ടന്നും ആംബുലന്‍സ് ഡ്രൈവര്‍ കബീര്‍ പറഞ്ഞെങ്കിലും ഇന്ധനം നിറയ്ക്കാനുള്ള പണം കൃപാനിധിയുടെ കൈയിലുണ്ടായിരുന്നില്ല.
 
നിസ്സഹായാവസ്ഥയില്‍ കൈമലര്‍ത്തിയ കൃപാനിധിക്ക് പെരുമ്പടപ്പ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ ഉടനെ 700 രൂപ നല്‍കി. സ്ഥലത്തുണ്ടായിരുന്ന സ്‌പെഷ്യല്‍ബ്രാഞ്ച് എ.എസ്.ഐ. ബഷീര്‍ 500 രൂപയും നാട്ടുകാരനായ കുഞ്ഞായി 1000 രൂപയും നല്‍കി. പിന്നീട് കണ്ടത് മാറഞ്ചേരിയിലെ നന്മനിറഞ്ഞ നാട്ടുകാരുടെ സഹകരണമായിരുന്നു. അരമണിക്കൂര്‍ കൊണ്ട് 11,000 രൂപ സമാഹരിച്ച് ആംബുലന്‍സിന് ഇന്ധനം നിറയ്ക്കുന്നതിനുള്ള തുക കൈമാറി.

മൃതദേഹം മാറഞ്ചേരിയില്‍നിന്നു കൊണ്ടുപോയി മൃതദേഹ പരിശോധനയ്ക്കുശേഷം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. പത്തുവര്‍ഷമായി മാറഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ജോലിയെടുത്തു കഴിയുകയായിരുന്ന സുബ്രഹ്മണ്യന്‍ മാറഞ്ചേരിക്കാര്‍ക്ക് പരിചിതനാണ്. ഭാര്യ നേരത്തേ മരിച്ചിരുന്നു.