കൊച്ചി: ദുബായില്‍ റോഡപകടങ്ങളില്‍ മരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ അവകാശികള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക വ്യാജ രേഖകള്‍ ഉപയോഗിച്ച് ഗൂഢസംഘം തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍.

കോട്ടയം മുളക്കട കോഴിക്കല്‍ വീട്ടില്‍ കെ.ഒ. ഉമ്മന്റെ മകന്‍ സുനില്‍ അപകടത്തില്‍ മരിച്ചതിന്റെ നഷ്ടപരിഹാരത്തുക ഒരു പഞ്ചാബി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി ഹൈക്കോടതിയെ സി.ബി.ഐ. അറിയിച്ചു. നഷ്ടപരിഹാരമായി 17.79 ലക്ഷം രൂപ കെ.ഒ. ഉമ്മന് നല്‍കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2007 മുതല്‍ ഒമ്പത് ശതമാനം പലിശയും കേന്ദ്രം നല്‍കണം.

1999 ഫെബ്രുവരി അഞ്ചിനാണ് സുനില്‍ ഉമ്മന്‍ റോഡപകടത്തില്‍ ദുബായില്‍ മരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനി, നഷ്ടപരിഹാരത്തുക ദുബായ് കോടതിയില്‍ കെട്ടിവെച്ചു. 2001 ഫെബ്രുവരി 26-ന്, താനാണ് സുനില്‍ ഉമ്മന്റെ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തി രേഖകള്‍സഹിതം പഞ്ചാബിലുള്ള ജസ്വീന്ദര്‍ സിങ് ബംഗര്‍ ദുബായ് കോടതിയില്‍ ഹാജരായി തുക സ്വീകരിച്ചു.

തട്ടിപ്പിനെക്കുറിച്ച് ഉമ്മന്റെ പരാതി കിട്ടിയപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ, 16 വര്‍ഷം കഴിഞ്ഞിട്ടും ജസ്വീന്ദര്‍ സിങ് ബംഗറിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു.

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിക്കുള്ള കുറ്റപത്രം നല്‍കിയിരുന്നു. പ്രതിയെ കിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക കിട്ടാന്‍ ഉമ്മന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും സി.ബി.ഐ.യുടെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്.

ദുബായിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി തുക കിട്ടാന്‍ ഉമ്മന്‍ കത്തിടപാടുകള്‍ നടത്തവേയാണ് തുക ജസ്വീന്ദര്‍ സിങ് കൈപ്പറ്റിയതായി അറിഞ്ഞത്. നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതിവിധി. ഉമ്മന്റെ കാര്യത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനാസ്ഥ കാണിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അപകടക്കേസുകളില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക ദുബായ് കോടതിയില്‍ കെട്ടിവെയ്ക്കുമ്പോള്‍ അവകാശികള്‍ നല്‍കുന്ന രേഖകള്‍ പരിശോധിക്കേണ്ട ചുമതല കോണ്‍സുലേറ്റുകള്‍ക്കായിരിക്കണം. കോണ്‍സുലേറ്റിന്റെ അനുമതിയില്ലാതെ തുക കൈമാറരുതെന്ന നിര്‍ദേശം ഉണ്ടാക്കണമെന്നാണ് ഹൈക്കോടതി അറിയിപ്പ്.

ഉമ്മന്റെ കേസിലും അങ്ങനെ ഒരു നടപടി ഉണ്ടാകേണ്ടിയിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു. ഭാവിയില്‍ ഹൈക്കോടതി നിര്‍ദേശം കോണ്‍സുലേറ്റ് നടപ്പാക്കണം. പ്രതിയില്‍നിന്ന് 17 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.