അടൂര്‍: 'എന്റെ വിജയം അച്ഛനുള്ള സമ്മാനമാണ്. എപ്പോഴും എന്റെ മികച്ച വിജയങ്ങളാണ് അച്ഛന്‍ ആഗ്രഹിക്കുന്നത്. പലപ്പോഴും അതിനൊത്ത് ഉയരുന്നതിന് കഴിഞ്ഞിട്ടില്ല. സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറായതോ പരീക്ഷ എഴുതിയതോ അച്ഛന്‍ അറിഞ്ഞിരുന്നില്ല. പരീക്ഷാഫലം പുറത്തുവന്നപ്പോഴാണ് പറഞ്ഞത്'. 42-ാം റാങ്ക് നേടിയുള്ള തന്റെ സിവില്‍ സര്‍വീസ് വിജയത്തിനുപിന്നില്‍ അച്ഛന്‍ എന്ന വലിയ ശക്തി പ്രചോദനമായി ഉണ്ടായിരുന്നുവെന്ന് കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ വെറ്ററിനറി ഡോക്ടറായ എസ്.അനു (28) പറയുന്നു.

സാധാരണ കുടുംബത്തില്‍ ജനിച്ച അനു കഷ്ടപ്പെട്ട് പഠിച്ചാണ് സിവില്‍ സര്‍വീസില്‍ സംസ്ഥാനത്തെ നാലാം സ്ഥാനം നേടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായം പലപ്പോഴും തുണയായി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന അനു സ്വന്തമായി പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ മികച്ച നേട്ടം കൊയ്തത്. ഉത്തര്‍പ്രദേശിലായതു കാരണം മറ്റെല്ലാവരുടെയും വിജയം വാര്‍ത്തയായപ്പോള്‍ അനു തിരശ്ശീലയ്ക്കുപിറകിലായി.

ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായ അച്ഛന്‍ മുരളീധരന്‍പിള്ളയായിരുന്നു പിന്നെ അനുവിന് എല്ലാം. ഒമ്പത് വര്‍ഷം മുന്‍പ് സ്വയം വിരമിച്ച മുരളീധരന്‍പിള്ള ഏകമകളുടെ കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കുണ്ടറ എഴുകോണ്‍ കാരുവേലില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്കും പ്ലസ് ടുവിന് 89 ശതമാനം മാര്‍ക്കും നേടി. മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെറ്ററിനറി സയന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് നേടി. മൂന്നു മാസത്തോളം മണ്ണുത്തി കോളേജില്‍തന്നെ ജോലി ചെയ്തു. 2014ല്‍ ചെന്നൈയിലുള്ള ശങ്കര്‍ ഐ.എ.എസ്. അക്കാദമിയില്‍ കുറച്ച് നാള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയി. 2015ല്‍ സിവില്‍ സര്‍വീസിന് ആദ്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ പ്രവേശനപരീക്ഷയിലൂടെ പഠിക്കാന്‍ അവസരം കിട്ടിയത്. ഒപ്പം രഹസ്യമായി സിവില്‍ സര്‍വീസ് തയ്യാറെടുപ്പും. ആദ്യതവണയേറ്റ തോല്‍വി കാരണം പഠനത്തെക്കുറിച്ച് അച്ഛനോട് പോലും പറഞ്ഞതുമില്ല. പഠനവും ഗവേഷണവും ഒന്നിച്ചായതിനാല്‍ ആദ്യം ചെയ്തത് പഠിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. പഠിച്ചത് ആവര്‍ത്തിച്ചുറപ്പിച്ചാണ് പരീക്ഷയ്ക്ക് പോയത്.

'സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അച്ഛന് എപ്പോഴും റാങ്ക് പ്രതീക്ഷയായിരുന്നു. അന്ന് അത് നടന്നില്ല. അച്ഛന്റെ ആഗ്രഹം ഇതിലൂടെ സാധിച്ചുവെന്നുള്ള സന്തോഷമുണ്ട്'- അനു പറഞ്ഞു.