തിരുവനന്തപുരം /കണ്ണൂര്‍: ജില്ലാസഹകരണബാങ്കുകള്‍ക്കുകൂടി പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കാന്‍ അനുമതി നല്‍കണമെന്ന സംസ്ഥാനസര്‍ക്കാറിന്റെ ആവശ്യത്തോട് കേന്ദ്രധനമന്ത്രാലയവും റിസര്‍വ് ബാങ്കും പ്രതികരിച്ചില്ല. ഇതോടെ നോട്ടുപിന്‍വലിക്കല്‍ നടപടിയില്‍ സഹകരണ ബാങ്കുകളില്‍ രൂപപ്പെട്ട പ്രതിസന്ധി രൂക്ഷമായി. ഇടപാടുകാര്‍ക്ക് മടക്കിനല്‍കാന്‍ പുതിയ കറന്‍സിനോട്ടുകള്‍ വേണ്ടത്രയില്ലാത്തതാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ കുഴക്കുന്നത്. പഴയനോട്ടുകള്‍ സ്വീകരിച്ച വകയില്‍ കോടികളാണ് ജില്ലാ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. ഏകദേശം 2,400 കോടിരൂപയുടെ പഴയനോട്ടുകളുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇതെല്ലാം അക്കൗണ്ടുകളിലേക്കാണ് സ്വീകരിച്ചിരിക്കുന്നത്. അതുവഴി നാലുശതമാനം പലിശ നല്‍കേണ്ടിവരും. അത് ജില്ലാ ബാങ്കുകളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, നിലവിലെ സാമ്പത്തിക അസ്ഥിരത മറികടക്കുന്നതുവരെ സംഘങ്ങളുടെ നിക്ഷേപങ്ങളെ പലിശയില്‍നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ ബാങ്കുകള്‍ സഹകരണസംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.വൈ.സി. നിര്‍ദേശങ്ങള്‍ പാലിച്ച് തുറന്നിട്ടുള്ള അക്കൗണ്ടുകളിലേക്ക് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനുള്ള അനുവാദം സഹകരണബാങ്കുകള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ച് നിക്ഷേപങ്ങള്‍ സഹകരണബാങ്കുകള്‍ സ്വീകരിക്കുന്നുണ്ട്.

നോട്ടുകള്‍ മാറ്റിനല്‍കാന്‍ അനുമതിവേണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ലെങ്കിലും സഹബാങ്കുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന സഹകരണ വകുപ്പ് ശനിയാഴ്ച നിര്‍ദേശിച്ചു. അതേസമയം, വായ്പകള്‍ നല്‍കുന്നത് പൂര്‍ണമായും ജില്ലാബാങ്കുകള്‍ നിര്‍ത്തിവെച്ചു.

100, 50 നോട്ടുകള്‍ നാളെ എത്തിയേക്കും

തിരുവനന്തപുരം: സഹകരണബാങ്കുകളിലെ 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റി തിങ്കളാഴ്ചയോടെ 100, 50 നോട്ടുകള്‍ എത്തിക്കാന്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണയായി. കേന്ദ്ര ധനകാര്യസെക്രട്ടറിയോട് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സഹകരണബാങ്കുകളുടെ താത്കാലിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.