പരമാവധി വായ്പ 60 ലക്ഷം രൂപ

കണ്ണൂര്‍: സഹകരണബാങ്കുകള്‍വഴി വിതരണംചെയ്യുന്ന വായ്പകള്‍ ഉദാരമാക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. നിക്ഷേപം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിക്ഷേപത്തിന്റെ തോതനുസരിച്ച് വ്യക്തികള്‍ക്ക് നല്‍കാവുന്ന പരമാവധിവായ്പ 10 മുതല്‍ 60 ലക്ഷം വരെയാക്കി. 500 കോടിക്കുമേല്‍ നിക്ഷേപമുള്ള സംഘങ്ങള്‍ക്കാണ് 60 ലക്ഷം രൂപ വായ്പനല്‍കാവുന്നത്. നിലവില്‍ അത് 50 ലക്ഷമായിരുന്നു. ഇതില്‍ക്കൂടുതല്‍ വായ്പനല്‍കുന്നതിന് പ്രത്യേക അനുമതിവേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സഹകരണബാങ്കുകള്‍ക്ക് 25,000 രൂപവരെയായിരുന്നു വിദ്യാഭ്യാസവായ്പ നല്‍കാന്‍ അനുമതി. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഭൂമിവാങ്ങുന്നതിന് 25 ലക്ഷം രൂപയായിരുന്നത് 35 ലക്ഷമാക്കി. ഭവനവായ്പ 25-ല്‍നിന്ന് 35 ലക്ഷമായും വാഹനവായ്പ, ബിസിനസ് വായ്പ, പണയ വായ്പ എന്നിവ 10-ല്‍നിന്ന് 20 ലക്ഷമായും ഉയര്‍ത്തി. കുടുംബശ്രീക്ക് നല്‍കാവുന്ന വായ്പ അഞ്ചുലക്ഷത്തില്‍നിന്ന് ഇരട്ടിയാക്കി.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍വരാത്ത പ്രാഥമിക വായ്പാസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. കേന്ദ്ര-സംസ്ഥാന പദ്ധതി വായ്പകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കായിരിക്കും ബാധകം. വായ്പകള്‍ക്ക് തിരിച്ചടവ് ഉറപ്പാക്കണമെന്ന നിര്‍ദേശവും സഹകരണസംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്. സഹകരണവകുപ്പിന്റെ നിര്‍ദേശം നടപ്പാക്കുന്നതിന് ബാങ്കുകളും സംഘങ്ങളും ബൈലോയില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തേണ്ടിവരും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.

500 കോടിയിലേറെ നിക്ഷേപമുള്ള സംസ്ഥാനത്തെ ഇരുപത്തഞ്ചോളം സംഘങ്ങള്‍ക്കാണ് പുതിയ നടപടി ഏറ്റവും ആശ്വാസമാവുക. ഇനി വാണിജ്യബാങ്കുകളോട് മത്സരിക്കാന്‍ പ്രാഥമികബാങ്കുകള്‍ക്കും കഴിയും. നിക്ഷേപത്തിന്റെ തോതനുസരിച്ച് വായ്പനല്‍കാനാവില്ലെന്ന പരാതി വലിയ ബാങ്കുകള്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. പ്രവര്‍ത്തനപരിധി കൂട്ടണമെന്ന ആവശ്യംപോലും ഇത്തരം ബാങ്കുകള്‍ ഉന്നയിച്ചിരുന്നു. വായ്പാപരിധി കൂട്ടിയത് ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകും.

80,000 കോടിയോളം രൂപയാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും മൊത്തം നിക്ഷേപം. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപം കൂടുതലാണ്. ഇടുക്കിയില്‍ നിക്ഷേപത്തുകയേക്കാള്‍ കൂടുതല്‍ വായ്പ നല്‍കുന്നുണ്ട്. മറ്റിടങ്ങളില്‍, അനുവദിച്ച പരിധിക്കുള്ളില്‍നിന്ന് വായ്പ നല്‍കി ബാക്കി ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് പ്രാഥമിക ബാങ്കുകള്‍ ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അധികനിക്ഷേപം ഏറെയുള്ളത്.

ഭവന-വാഹന വായ്പയ്ക്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കാമെന്നതാണ് ഇതിലെ പ്രധാന നേട്ടം. 25 ലക്ഷമായിരുന്നു ഇതുവരെ പരമാവധി നല്‍കാനാവുന്ന ഭവനവായ്പ. ഇതില്‍കൂടുതല്‍ വായ്പ ആവശ്യമുള്ളവര്‍ സഹകരണ ബാങ്കുകളെ ഒഴിവാക്കുകയാണ് പതിവ്. വീടുനിര്‍മാണത്തിന് ഒന്നിലേറെ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാനാവില്ലെന്നതും ഇതിനു കാരണമാണ്. പരിധി 35 ലക്ഷമാക്കി ഉയര്‍ത്തിയതോടെ കൂടുതല്‍പേര്‍ക്ക് ഭവനവായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കാവും.

വാഹനവായ്പ വിപണയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ ഇതുവരെ കാര്യമായുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഇടത്തരം കാറുകളുടെ കാര്യത്തില്‍. 10 ലക്ഷം രൂപയായിരുന്നു പരമാവധി വായ്പ നല്‍കാവുന്ന തുക. ഇത് ഇരട്ടിയാക്കി. വാഹന ഡീലേഴ്‌സുമായി ചേര്‍ന്ന് പുതിയ വായ്പപദ്ധതി ആവിഷ്‌കരിക്കാന്‍ സഹകരണബാങ്കുകള്‍ക്ക് കഴിയും.

പ്രത്യേക അനുമതി വാങ്ങി പുതിയ വായ്പപദ്ധതികള്‍ ആസൂത്രണം ചെയ്യാമെന്നും രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വില്ലേജ് പ്രവര്‍ത്തന പരിധിയാക്കി പ്രവര്‍ത്തിക്കുന്നവയാണ് പ്രാഥമിക സഹകരണബാങ്കുകള്‍. ഈ പ്രദേശത്ത് മാത്രമായി കൂടുതല്‍ വായ്പ നല്‍കാനാകുന്നതിനാല്‍ കറന്‍സി പ്രതിസന്ധി കുറയ്ക്കാനാകുമെന്ന കണക്കുകൂട്ടലും സഹകരണ വകുപ്പിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.