* വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഭാഗികമായി ശരിവെച്ചു
* പിണറായി ഉള്‍പ്പെടെ മൂന്നുപേര്‍ പ്രതിയല്ല
* മൂന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വിചാരണ നേരിടണം
* പിണറായിക്കെതിരേ സി.ബി.ഐ. ഗൂഢാലോചനയുടെ വലവീശി
* അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുറ്റക്കാരനാക്കിയെന്നും ഹൈക്കോടതി

കൊച്ചി:
സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസം പകര്‍ന്ന്, ലാവലിന്‍ കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പിണറായിക്കുപുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി സിംഗിള്‍ബെഞ്ച് ശരിവെക്കുകയായിരുന്നു.

എന്നാല്‍, വൈദ്യുതിവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണം. ഇവര്‍ യഥാക്രമം കേസില്‍ രണ്ടും മൂന്നും നാലും പ്രതികളാണ്. ലാവലിന്‍ കമ്പനിയുടെ സീനിയര്‍ വൈസ് ചെയര്‍മാന്‍ ക്ലോസ് ട്രെന്‍ഡല്‍ (ആറാം പ്രതി), ലാവലിന്‍ കമ്പനി (ഒമ്പതാം പ്രതി) എന്നിവര്‍ക്കൊപ്പമാണ് വിചാരണ നേരിടേണ്ടത്.

കേസിലെ പ്രതികളെയെല്ലാം തിരുവനന്തപുരം സി.ബി.ഐ.കോടതി കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് സി.ബി.ഐ. നല്‍കിയ പുനഃപരിശോധനാഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഏഴാംപ്രതിയായിരുന്നു പിണറായി വിജയന്‍.

വീശിയത് ഗൂഢാലോചനയുടെ മാന്ത്രികവല
പിണറായി ഉള്‍പ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേരെയും ഗൂഢാലോചനയുടെ മാന്ത്രികവലവീശിയാണ് സി.ബി.ഐ. കേസില്‍ക്കുടുക്കിയതെന്ന് കോടതി വിലയിരുത്തി. കരാറുണ്ടാക്കുമ്പോള്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ ഒറ്റതിരിച്ച് പ്രതിയാക്കുകയാണ് സി.ബി.ഐ. ചെയ്തത്.

കരാറിലെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചതാണ്. ആ നിലയ്ക്ക് വൈദ്യുതിമന്ത്രിയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റക്കാരനാക്കിയതെന്തിനെന്നതിന് വിശദീകരണമില്ല. വൈദ്യുതിബോര്‍ഡ് കൊണ്ടുവന്ന പദ്ധതിക്ക് മന്ത്രി എങ്ങനെ കുറ്റക്കാരനാകുമെന്ന് വ്യക്തമല്ല.

മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായധനം കരാറിന്റെ ഭാഗമാക്കിയില്ലെന്നത് ഒരു മന്ത്രിയുടെ മാത്രം കുറ്റമായി കാണാനാവില്ല. പോലീസ് ഏറെ ദുരുപയോഗിച്ച വകുപ്പാണ് പിണറായിക്കെതിരേ ചുമത്തിയ ഗൂഢാലോചനക്കുറ്റമെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. അവര്‍ ലക്ഷ്യമിടുന്നവരെ തിരഞ്ഞുപിടിച്ച് കേസില്‍പ്പെടുത്താനാണ് ആ വകുപ്പുപയോഗിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി..

പ്രതിസ്ഥാനത്ത് ഇനി മൂന്നുപേര്‍
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ കമ്പനിയായ എസ്.എന്‍.സി.ലാവലിനുമായുണ്ടാക്കിയ കരാറില്‍ ക്രമക്കേടാരോപിക്കുന്നതാണ് കേസ്. ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെന്നും സാധ്യതാപഠനം നടത്തിയില്ലെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ട് തേടിയില്ലെന്നതുമാണ് കരാറില്‍ ക്രമക്കേട് ആരോപിക്കുന്നതിന് അടിസ്ഥാനമായി സി.ബി.ഐ. ഉന്നയിക്കുന്ന കാരണങ്ങള്‍.

വൈദ്യുതിവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥരാണ് വിജിലന്‍സ് കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഇവരില്‍ മാത്യു റോയ്, വി. രാജഗോപാല്‍, പി.എ. സിദ്ധാര്‍ഥമേനോന്‍ എന്നിവര്‍ ജീവിച്ചിരിപ്പില്ല. ആര്‍. ഗോപാലകൃഷ്ണനെ സി.ബി.ഐ. കുറ്റപത്രം തയ്യാറാക്കിയപ്പോള്‍ ഒഴിവാക്കി. ബുധനാഴ്ചത്തെ വിധിയോടെ ബാക്കി മൂന്നുപേരാണ് വിചാരണ നേരിടേണ്ടത്.

കോടതി പറഞ്ഞത്
* വൈദ്യുതിബോര്‍ഡും എസ്.എന്‍.സി. ലാവലിനും തമ്മിലുണ്ടാക്കിയ കരാറിന്റെ നടത്തിപ്പില്‍ ഊര്‍ജവകുപ്പിലെ സെക്രട്ടറിമാരായിരുന്ന മോഹനചന്ദ്രനോ (ഒന്നാം പ്രതി) എ. ഫ്രാന്‍സിസിനോ (എട്ടാം പ്രതി) അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായിവിജയനോ (ഏഴാംപ്രതി) പങ്കില്ല.

* ബോര്‍ഡ് ജീവനക്കാരായിരുന്ന കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍, കസ്തൂരിരംഗഅയ്യര്‍ എന്നിവര്‍ കരാറുണ്ടാക്കുന്നതിന്റെ പ്രാരംഭഘട്ടത്തില്‍ പങ്കാളികളായിരുന്നു. അതിനാല്‍ അവര്‍ വിചാരണ നേരിടണം

* പദ്ധതി രൂപകല്പന ചെയ്ത് നടപ്പാക്കിയത് വൈദ്യുതിബോര്‍ഡിലെ ഉദ്യോഗസ്ഥരാണ്.

* കുറ്റക്കാരല്ലെങ്കില്‍ ഇവര്‍ക്ക് വിചാരണയ്ക്കുശേഷം കുറ്റവിമുക്തരാകാം.

* വൈദ്യുതിബോര്‍ഡിനുപുറത്തുള്ള അന്നത്തെ ഊര്‍ജമന്ത്രി പിണറായി വിജയന്‍ കരാറുണ്ടാക്കുന്ന ഘട്ടത്തില്‍ പങ്കാളിയായിട്ടില്ല.

* ബോര്‍ഡിനു പുറത്തുള്ള ഊര്‍ജവകുപ്പു സെക്രട്ടറിമാര്‍ക്കും കരാറിന്റെ പ്രാരംഭഘട്ടത്തില്‍ പങ്കില്ല. ഇവര്‍ക്ക് കരാറുമായി ബന്ധപ്പെട്ട ഇടപാടില്‍ പങ്കുള്ളതായി കരുതാനാവില്ല.

* മോഹനചന്ദ്രനും ഫ്രാന്‍സിസിനും കണ്‍സള്‍ട്ടന്‍സി കരാറില്‍ പങ്കുള്ളതായി െതളിവില്ല.

* മോഹനചന്ദ്രന്‍ കരാറിന്റെ പൂര്‍ണവിവരം മന്ത്രിസഭായോഗത്തില്‍ വെച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതം.

* മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ പിണറായി അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതായും തെളിവില്ല.

രണ്ട് അപ്പീല്‍ സാധ്യതകള്‍

1, ഹൈക്കോടതി പരിഗണിച്ചത് സി.ബി.ഐ.യുടെ പുനഃപരിശോധനാ ഹര്‍ജി ആയതിനാല്‍ സുപ്രീംകോടതിയിലേ അപ്പീല്‍ നല്‍കാനാവൂ. കുറച്ചുപേരെ പ്രതിയാക്കുകയും മറ്റു ചിലരെ ഒഴിവാക്കുകയും ചെയ്തതിനെതിരേ സി.ബി.ഐ.ക്ക് സുപ്രീംകോടതിയില്‍ പോകാം. എല്ലാവരും വിചാരണ നേരിടണമെന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് ശരിയല്ലെന്നുമാകും ചൂണ്ടിക്കാട്ടുക.

2, വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയേക്കാമെന്ന് ഹൈക്കോടതി അഭിഭാഷകനായ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി. തുല്യനീതി വേണമെന്നാവും ഇവരുടെ ആവശ്യം. പരമോന്നത കോടതിയുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിലപാട് നിര്‍ണായകം.