തൊടുപുഴ: ഏഴുദിവസം പ്രായമായ കുഞ്ഞിനെ, ജന്മനക്ഷത്രം മോശമാണെന്ന കാരണത്താല്‍ കൊല്ലാന്‍ ശ്രമിച്ചു എന്നകേസില്‍ അച്ഛനമ്മമാരെ കോടതി വെറുതെവിട്ടു. മണിയാറംകുടി കരയില്‍ കാപ്പുകാട്ടില്‍ ഷിനോജ്, ഭാര്യ ഷേര്‍ളി എന്നിവരുടെ പേരിലായിരുന്നു ഇടുക്കി പോലീസ് കേസെടുത്തത്. പ്രതികള്‍ കുറ്റക്കാരല്ലെന്നുകണ്ട് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടു.
 
2012 ഡിസംബര്‍ ഒമ്പതിനു വൈകീട്ട് ഏഴുമണിക്കാണ് കേസിനാസ്​പദമായ സംഭവം. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജുചെയ്തു വന്നപ്പോള്‍ അച്ഛന്‍ ഷിനോജ് കുട്ടിയെ തറയിലടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നാണു കേസ്. എന്നാല്‍, മാതാപിതാക്കള്‍ കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ല എന്നും രണ്ടാംസാക്ഷിയും ഷിനോജിന്റെ സഹോദരീഭര്‍ത്താവുമായ മനോജ് കെട്ടിച്ചമച്ച സംഭവമാണിതെന്നും കോടതിക്കു ബോധ്യമായി.

ഷേര്‍ളിയെ അപമാനിക്കാന്‍ചെന്ന മനോജിനെതിരേ പ്രതികള്‍ കേസ് കൊടുക്കുമെന്നു വിചാരിച്ചാണ് ഇയാള്‍ കൊലപാതകശ്രമം കെട്ടിച്ചമച്ചത്. സംഭവം പുറത്തായതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഏറ്റെടുത്തു. ഇതേത്തുടര്‍ന്ന് ദമ്പതിമാര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
 
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. വിചാരണയില്‍, പ്രതികള്‍ക്കെതിരേയുള്ള കേസ് കളവാണെന്ന് കോടതിക്കു ബോധ്യപ്പെട്ടു.