Chertalaചേര്‍ത്തല: ഉദ്ഘാടനം നടന്ന് മൂന്നാംദിവസം വനിതാ വ്യവസായ സംരംഭത്തിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. അപ്രതീക്ഷിതമായി വൈദ്യുതി വിച്ഛേദിച്ചപ്പോള്‍ പഴവര്‍ഗ കയറ്റുമതി സ്ഥാപനത്തില്‍ പ്രത്യേകസംവിധാനത്തില്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍ നശിച്ചു. ഉടമ വൈദ്യുതി ഓഫീസില്‍ എത്തി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് അഞ്ചുമണിക്കൂറിനുശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുനല്‍കി.

കോടംതുരുത്ത് ആശീര്‍വാദില്‍ വൈ.സിന്ധു ബാങ്ക് വായ്പയെടുത്ത് ആരംഭിച്ച എവര്‍ഫൈന്‍ ആഗ്രോ എന്ന പഴവര്‍ഗ കയറ്റുമതി സ്ഥാപനത്തിനെതിരേയായിരുന്നു നടപടി. കുത്തിയതോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധിയിലാണ് സ്ഥാപനം.

വിവിധഭാഗങ്ങളില്‍നിന്ന് എത്തിച്ച് പഴവര്‍ഗങ്ങള്‍ ഉണക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. 60 ലക്ഷത്തോളം മുതല്‍ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്. 30 ഓളം പേര്‍ തൊഴില്‍ ചെയ്യുന്നു.

മൂന്നുമാസം മുന്‍പാണ് സ്ഥാപനത്തിനായി വൈദ്യുതി കണക്ഷന്‍ എടുത്തത്. സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാല്‍ നിശ്ചിതതുക മാത്രമാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇതിനുള്ള ബില്ല് നല്‍കിയതുമില്ല.

മേയ് 13-നായിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടനം. 16-ന് രാവിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. സിന്ധു വൈദ്യുതി ഓഫീസിലെത്തി പ്രതിഷേധിച്ചപ്പോള്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഇതിനുശേഷമാണ് അടയ്‌ക്കേണ്ട ബില്ല് അധികൃതര്‍ നല്‍കിയതെന്ന് സിന്ധു പറയുന്നു. ബില്ലില്‍ ജൂണ്‍ നാലിന് വൈദ്യുതി വിച്ഛേദിക്കുമെന്നാണ് കാണിച്ചിരിക്കുന്നത്.

വൈദ്യുതി കണക്ഷനായി ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ചിലര്‍ വട്ടംകറക്കിയതായി ഉടമ പറഞ്ഞു. മൂന്നുമാസത്തോളം അനാവശ്യ താമസമുണ്ടാക്കി. രസീതുനല്‍കാതെ പണം ആവശ്യപ്പെട്ടെങ്കിലും ഇതു നല്‍കിയില്ല. ഇതാവാം പ്രകോപനത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു

എന്നാല്‍, കണക്ഷന്‍ നല്‍കി മൂന്നുമാസമായിട്ടും അടയ്‌ക്കേണ്ട തുക അടയ്ക്കാത്തതിനാല്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നാണ് വൈദ്യുതി വകുപ്പധികൃതര്‍ പറയുന്നത്. കണ്‍സ്യൂമര്‍ നമ്പരടക്കം നല്‍കിയിട്ടുണ്ട്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും അവര്‍ പറയുന്നു.

പിന്നില്‍ ജീവനക്കാരുടെ വൈരം

45,000 രൂപയാണ് കണക്ഷന് ആവശ്യപ്പെട്ടത്. എന്നാല്‍, രസീതില്‍ പറഞ്ഞ 35,000 മാത്രമാണ് അടച്ചത്. ബാക്കിത്തുക നല്‍കാത്തതിലുള്ള വൈരമായിരിക്കാം നടപടിക്ക് കാരണം. പിന്നീട് ബില്ലിനും കണ്‍സ്യൂമര്‍ നമ്പരിനുമായി പലവട്ടം കയറി ഇറങ്ങി. വൈദ്യുതി വിച്ഛേദിക്കരുതെന്നു കേണപേക്ഷിച്ചിട്ടും പണമടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും പരിഗണന നല്‍കിയില്ല.

-വൈ.സിന്ധു

ഉടമ

എവര്‍ ഫൈന്‍ ആഗ്രോ.

പ്രാഥമിക അന്വേഷണം തുടങ്ങി

പരാതിയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി നേരിട്ട് അന്വേഷണം നടത്തി. കറണ്ടുചാര്‍ജ് കുടിശ്ശികയുണ്ടെന്നാണ് സെക്ഷനില്‍നിന്ന് അറിയിച്ചിട്ടുള്ളത്. വിശദമായ പരിശോധനകള്‍ നടത്തും.

-മായാ മുകുന്ദന്‍

കെ.എസ്.ഇ.ബി. ചേര്‍ത്തല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍.