പയ്യന്നൂര്‍: പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തനം സങ്കീര്‍ണവും അപകടകരവുമായി മാറിയെന്ന് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന കെ.രാഘവ പൊതുവാളിന്റെ പേരിലുള്ള പത്രപ്രവര്‍ത്തക പുരസ്‌കാരം എം. ജയതിലകന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളം കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ് ജയതിലകന്‍.

കേരളത്തിലെ തെരുവുകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോര വീഴുകയാണ്. ഇത് ജനാധിപത്യ വ്യവസ്ഥയില്‍ ആശാസ്യകരമായ പ്രവണതയല്ല. വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു കെ.രാഘവപൊതുവാള്‍ -അദ്ദേഹം പറഞ്ഞു.
 
അന്നൂര്‍ കേളപ്പജി സ്മാരക വില്ലേജ് ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ എ.കെ.പി. നാരായണന്‍ അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. സതീശന്‍ പാച്ചേനി കെ.രാഘവ പൊതുവാള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
 
ടി.പി.പദ്മനാഭന്‍, വി.വി.പ്രഭാകരന്‍, സി. ധനഞ്ജയന്‍, പി.കമ്മാര പൊതുവാള്‍, കെ.രാമചന്ദ്രന്‍, ശിവന്‍ തെറ്റത്ത്, യു. രാജേഷ്, കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു.