കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദി ആരെന്ന് ഐ.എ.എസ്.-ഐ.പി.എസ്. പോര് തുടരുന്നതിനിടെ ജില്ലാ ഭരണകൂടം മരണസംഖ്യ കുറച്ചു. 107 പേരാണ് മരിച്ചതെന്ന് വെള്ളിയാഴ്ചയാണ് തിരുത്തലുണ്ടായത്. നേരത്തെയുള്ള കണക്കുപ്രകാരം വ്യാഴാഴ്ച ഒരാള്‍ മരിച്ചതടക്കം മരണസംഖ്യ 114 ആകേണ്ടതായിരുന്നു.

വിവിധ ആസ്​പത്രികളില്‍ മരിച്ചവരില്‍ ചിലരുടെ പേരും വിലാസവുമൊക്കെ ഇരട്ടിച്ചതാണ് തെറ്റാന്‍ കാരണമെന്ന് പറയുന്നു. വ്യാഴാഴ്ച പരവൂരില്‍ ചേര്‍ന്ന വിശകലനയോഗത്തിലും തിരുത്തലുണ്ടായി.
ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യവകുപ്പും തമ്മിലുള്ള ഏകോപനക്കുറവാണ് ഇത്തരം വീഴ്ചയ്ക്ക് കാരണമെന്ന് വിമര്‍ശമുണ്ട്. പുറ്റിങ്ങല്‍ ദുരന്തത്തില്‍ പോലീസ് എടുത്ത മരണസഖ്യയാണ് ഒടുവില്‍ ശരിയായത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ എണ്ണവും തിരിച്ചറിയാനുള്ള മൃതശരീരങ്ങളുടെ കണക്കും ചേര്‍ത്തായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

പുതിയ പട്ടികപ്രകാരം മരിച്ച 107 പേരില്‍ 9 പേരെയാണ് ഇനി തരിച്ചറിയാനുള്ളത്. ജില്ലാ ആസ്​പത്രിയില്‍ മരിച്ചത് 54 പേരാണ്. മറ്റ് വിവിധ ആസ്​പത്രികളില്‍ മരിച്ചവരുടെ കണക്ക് ചുവടെ:
കൊട്ടിയം ഹോളിക്രോസ്-6, മെഡിട്രിന-5, മെഡിസിറ്റി-12, അസീസിയ-2, കിംസ്, കൊട്ടിയം-1, കിംസ് തിരുവനന്തപുരം-1, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-17, പാരിപ്പള്ളി ഇ.എസ്.ഐ.-6, നെടുങ്ങോലം ഗവ. രാമറാവു ആസ്​പത്രി-3.

മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ രണ്ടുപേരെ തിരിച്ചറിയാനുണ്ട്. വ്യാഴാഴ്ച ഭൂതക്കുളം ഇടയാടി ചരുവിളവീട്ടില്‍ സത്യന്‍ (40) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. 21 പേരെ കാണാതായെന്നാണ് അന്തിമകണക്ക്. ആസ്​പത്രിയിലുള്ള തിരിച്ചറിയാത്ത മൃതശരീരങ്ങളുടെ ഡി.എന്‍.എ. പരിശോധന തുടരുകയാണ്.

വെടിക്കെട്ട് ദുരന്തം ആരുടെ വീഴ്ചയാണെന്നതിനെപ്പറ്റി കൊല്ലത്ത് കളക്ടറും പോലീസ് കമ്മിഷണറും തര്‍ക്കത്തിലായിരുന്നു. പോലീസിനുമേല്‍ കുറ്റംചുമത്തി കളക്ടര്‍ നല്‍കിയ കത്തിന് കമ്മിഷണര്‍ മറുപടി നല്‍കിയില്ല. പറയാനുള്ളത് ജുഡീഷ്യല്‍ കമ്മിഷനെ അറിയിക്കുമെന്നും വിവാദത്തിനില്ലെന്നുമാണ് കമ്മിഷണറുടെ നിലപാട്. കൊല്ലത്തെ തര്‍ക്കം തലസ്ഥാനത്ത് ഡി.ജി.പി.യുടെയും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെയും തലത്തിലേക്ക് എത്തിനില്‍ക്കുകയും ചെയ്യുന്നു.

വെടിക്കെട്ട് നടത്താന്‍ ക്ഷേത്രഭാരവാഹികള്‍ ഫിബ്രവരി 23ന് എ.ഡി.എമ്മിന് നല്‍കിയ കത്തില്‍ തീരുമാനം ഏപ്രില്‍ എട്ടിനാണ് ഉണ്ടായത്. മത്സരമില്ലാത്ത രീതിയില്‍ നിയന്ത്രിതമായി വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്നത് പരിശോധിക്കണമെന്ന് എ.ഡി.എമ്മിന് പോലീസ് 9ന് നല്‍കിയ ശുപാര്‍ശയ്ക്ക് ജില്ലാ ഭരണകൂടം മറുപടി നല്‍കിയതുമില്ല. കളക്ടറും എ.ഡി.എമ്മും സ്ഥലത്തുണ്ടായിരുന്നില്ല എന്നതാണ് ഇതിനുള്ള വിശദീകരണം.

എന്നാല്‍ ജില്ലാ ഭരണകൂടം വാക്കാല്‍ അനുമതി നല്‍കിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസ്. ഫോണ്‍ രേഖകളും മറ്റും പോലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ശ്രമം തുടങ്ങി.