jisha vitnessകൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ പ്രധാന സാക്ഷിയായ വീട്ടമ്മ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ജിഷയുടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന മൊഴി നല്‍കിയിരുന്ന അയല്‍വാസിയായ സ്ത്രീയാണ് അമീറിനെ തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ച വൈകുന്നേരം കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. തിരിച്ചറിയല്‍ പരേഡിന് സാക്ഷിയായി തിങ്കളാഴ്ച ഇവരെ മാത്രമാണ് എത്തിച്ചിരുന്നത്. പ്രതിയെ പ്രധാന സാക്ഷി തിരിച്ചറിഞ്ഞതോടെ പോലീസിന് നിര്‍ണായക തെളിവാണ് ലഭിച്ചിരിക്കുന്നത്.

അറസ്റ്റിലായത് മുതല്‍ സൂര്യപ്രകാശം പോലും കാണിക്കാതെ ജയിലിലെ ഒറ്റയാള്‍ സെല്ലില്‍ അതീവ സുരക്ഷയില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ മജിസ്‌ട്രേട്ട് എത്തിയ ശേഷമാണ് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ തിരിച്ചറിയല്‍ പരേഡിനായി കൊണ്ടുവന്നത്.

മജിസ്‌ട്രേട്ടിന്റെ സഹായി തുണികൊണ്ട് തല മൂടി ജയിലിലെ മറ്റു തടവുകാര്‍ക്ക് പോലും കാണാന്‍ കഴിയാത്തവിധമാണ് അമീറിനെ പരേഡിനായി എത്തിച്ചത്. ജനലുകളും വാതിലും കൊട്ടിയടച്ച മുറിയില്‍ മജിസ്‌ട്രേട്ടും കോടതി നിയോഗിച്ച അദ്ദേഹത്തിന്റെ സഹായിയും മാത്രമായിരുന്നു. സൂപ്രണ്ടിനു പോലും മുറിയില്‍ പ്രവേശനമുണ്ടായിരുന്നില്ല.

ജയിലിലെ തടവുകാരായ നാല് മലയാളികളുടെയും അഞ്ച് അന്യസംസ്ഥാനക്കാരുടെയും ഒപ്പം പ്രതിയെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. പ്രതിയുമായി രൂപസാദൃശ്യമുള്ള ജയിലിലെ അന്തേവാസികളെ സാധാരണ വേഷം ധരിപ്പിച്ച് നേരത്തെ തന്നെ ജയില്‍ അധികൃതര്‍ ഒരുക്കി നിര്‍ത്തിയിരുന്നു. ഇതിനു ശേഷമാണ് മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഏക സാക്ഷി തിരിച്ചറിയല്‍ പരേഡിന് ഹാജരായത്.

കുന്നുംപുറം മജിസ്‌ട്രേട്ട് ഷിബു ഡാനിയലാണ് തിങ്കളാഴ്ച വൈകുന്നേരം ജില്ലാ ജയിലിലെത്തി തിരിച്ചറിയല്‍ പരേഡിന് നേതൃത്വം നല്‍കിയത്. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് പരേഡിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ജയിലിന് പുറത്ത് ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും തടിച്ചുകൂടിയതിനാല്‍ പ്രത്യേക വാഹനത്തിലാണ് സാക്ഷിയെ ജയിലിന് പുറത്തേക്ക് കൊണ്ടുവന്നത്. ഉച്ചയ്ക്ക് 2.15-ഓടെയാണ് അയല്‍വാസിയായ വീട്ടമ്മയെ തിരിച്ചറിയല്‍ പരേഡിനായി ടാക്‌സി കാറില്‍ ജയില്‍ വളപ്പില്‍ എത്തിച്ചത്.