ആലപ്പുഴ: കേരളത്തിലെ വിപണികളിലേക്ക് ഇനി ചക്ക വരുന്നത് ജാര്‍ഖണ്ഡില്‍നിന്ന്. ശീതീകരിച്ച ഇടിച്ചക്കയാണ് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നത്. വിപണനം നടത്തുന്നത് ഇന്ത്യാ ഗവണ്മെന്റ് സംരംഭമായ സഫല്‍ എന്ന വിപണന ശൃംഖലയും.

ഇന്ത്യയില്‍ ഏറ്റവുമധികം ചക്കയുണ്ടാകുന്ന കേരളത്തിന്റെ കണ്‍മുന്നിലാണ് ചക്കയുടെ ആധുനികവിപണി മറ്റുള്ളവര്‍ തട്ടിയെടുക്കുന്നത്. ഇവിടെ ആവശ്യത്തിലധികം ചക്ക ഉണ്ടാകുന്നെന്ന് കഴിഞ്ഞയാഴ്ചയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. ചക്ക പ്രദര്‍ശനങ്ങളും സെമിനാറുകളും അടിക്കടി നടക്കുന്നുമുണ്ട്. പക്ഷേ, ചക്കയുടെ മൂല്യവര്‍ധിത ഉല്പന്ന പരിശീലനമടക്കം എല്ലാം അവതാളത്തിലാണ്. ഇതിനനുവദിച്ച അഞ്ചുകോടി രൂപ പോലും ചെലവഴിക്കാവാത്ത സ്ഥിതിയില്‍ നില്ക്കുകയാണ് കേരളം.

മൂല്യവര്‍ധിത ഉല്പന്നങ്ങളിലൂടെ വിപണി പിടിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ശീതീകരിച്ച ചക്കയുടെ വിപണനത്തിന് സഫല്‍ മുന്നിട്ടിറങ്ങുന്നത്. വരുംകാല വളര്‍ച്ച മൂല്യവര്‍ധിത ഉല്പന്നങ്ങളിലൂടെ എന്നതാണ് ലക്ഷ്യമെന്ന് സഫല്‍ ബിസിനസ് ഹെഡ് പ്രദീപ്ത കുമാര്‍ സാഹൂ പ്രഖ്യാപിച്ചു.

തൊണ്ണൂറുകളില്‍ ശീതീകരിച്ച ഗ്രീന്‍പീസ് ഇന്ത്യയില്‍ ആദ്യമായി വിപണനമാരംഭിച്ചത് സഫല്‍ ആയിരുന്നു. അതുപോലെ ചക്കയെയും എല്ലായിടത്തുമെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കഷണങ്ങളാക്കിയ ഇടിച്ചക്കയുടെ മുന്നൂറു ഗ്രാം പായ്ക്കറ്റുകളാണ് സഫലിന്റെ വില്പന കേന്ദ്രങ്ങളിലെത്തുക. ഒരു പായ്ക്കറ്റിന് വില 40 രൂപ. ഇത് കടകളില്‍ ഒരു വര്‍ഷം വരെ കേടുകൂടാതിരിക്കും. ജാര്‍ഖണ്ഡിലെ ആദിവാസി കേന്ദ്രങ്ങളില്‍നിന്നാണ് ചക്ക സംഭരിക്കുന്നത്.

സീസണില്‍ ദിവസം മുന്നൂറു മുതല്‍ 500 ടണ്‍ വരെ ഇടിച്ചക്ക കേരളത്തില്‍ നിന്നു ഡല്‍ഹി, ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലേക്കു കയറ്റിവിടാറുണ്ടായിരുന്നു. ഇവിടെനിന്നു ലോറികളില്‍ കയറ്റി ഐസ് കട്ടകളിട്ടു കൊണ്ടുപോയിരുന്ന ഇടിച്ചക്ക തെരുവില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വിറ്റുവന്നിരുന്നത്. വൃത്തിയോടെ പായ്ക്കറ്റുകളില്‍ ചക്ക കിട്ടിത്തുടങ്ങിയാല്‍ ഈ വിപണിയും നഷ്ടമാകും.

സഫല്‍ ശൃംഖലകള്‍ എന്ത് ?
1988-ല്‍ ഇന്ത്യാ ഗവണ്മെന്റ് മുന്‍കൈയെടുത്ത് തുടങ്ങിയ സംരംഭമാണ് സഫല്‍. 16 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. പഴം, പച്ചക്കറി ഇനങ്ങളുടെ 400 വില്പനശാലകള്‍.

ശീതീകരിച്ച പച്ചച്ചക്ക ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കും
ആലപ്പുഴ: ശീതീകരിച്ച പച്ചച്ചക്ക ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.) ചെയര്‍മാന്‍ വിനയന്‍. ചക്കച്ചുള ശീതീകരിച്ചു വിപണനത്തിനു തയ്യാറാക്കുന്നത് സജീവ പരിഗണനയിലാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സഹായം കിട്ടുമോ എന്നും നോക്കുന്നുണ്ട്. ചക്ക വരട്ടിയത് വി.എഫ്.പി.സി.െക.യുടെ വിപണന സ്റ്റാളിലൂടെ വിതരണം ചെയ്യാന്‍ നടപടി ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.