ആലപ്പുഴ : മരണക്കിടക്കയില്‍നിന്ന് കുട്ടമ്പേരൂരാറ്് ഉയിര്‍ത്തെഴുന്നേറ്റു. പത്തനംതിട്ടയിലെ വരാച്ചാലും രക്ഷപ്പെട്ടു. ഇനി ഉത്തരപ്പള്ളിയാറിന്റെ ഊഴം. പിന്നീട് വരട്ടാര്‍. അതുകഴിഞ്ഞാല്‍ കോലറയാറും അരീത്തോടും... എല്ലാം മരണശയ്യയിലാണ്.

മനസ്സുവച്ചാല്‍ മരിച്ചനദികളെ പുനരുജ്ജീവിപ്പിക്കാമെന്ന പാഠം മധ്യതിരുവിതാംകൂറാണ് നല്‍കുന്നത്.

കുട്ടമ്പേരൂറാറിന്റെയും വരാച്ചാലിന്റെയും പുനരുജ്ജീവനകഥ, സംസ്ഥാനത്തെ നശിച്ചുകിടക്കുന്ന എല്ലാ നീര്‍ത്തടങ്ങള്‍ക്കും മാതൃകയാണ്.
 
കുട്ടമ്പേരൂരാര്‍

മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലൂടെ ഒഴുകുന്നു. അച്ചന്‍കോവിലാറ്റില്‍നിന്നു തുടങ്ങി പമ്പയാറ്റിലേക്കൊഴുകുന്ന ഈ നദിക്കുനീളം 12 കി.മീറ്റര്‍. 25 വര്‍ഷത്തിലേറെയായി പോളയും കാടും കയറി ഒഴുക്ക് നിലച്ചു കിടക്കുകയായിരുന്നു. മണലൂറ്റും കൈയേറ്റവും മുഖം വികൃതമാക്കിയിരുന്നു.

കടുത്തവേനലില്‍ വെള്ളത്തിന് നന്നേ ബുദ്ധിമുട്ടിയപ്പോള്‍ ബുധനൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കണ്ണുപോയത് മരണശയ്യയില്‍ കിടക്കുകയായിരുന്ന ഈ ജലാശയത്തിലേക്ക്. ആറിന്റെ മുഖം വീണ്ടെടുക്കാന്‍ ഉപയോഗിച്ചത് തൊഴിലുറപ്പു പദ്ധതി. ഇതിനുപിന്നിലെ ശക്തി സ്ത്രീകളായിരുന്നുവെന്നതും ശ്രദ്ധേയം. 1000പേര്‍ 40 ദിവസം നടത്തിയ യജ്ഞം നദിക്ക് പുനര്‍ജന്മം നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപ്പണിക്കര്‍. ചെലവ് ഒരുകോടി രൂപ.
 
വരാച്ചാല്‍

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഗ്രാമപ്പഞ്ചായത്തില്‍ ഒന്നര കി.മീ. നീളം. 80 മീറ്റര്‍ വീതി. മുപ്പതു വര്‍ഷമായി ഉപയോഗയോഗ്യമല്ല. ജില്ലാപഞ്ചായത്ത് കൃഷി വികസന പദ്ധതിയില്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തനത്തിലൂടെ ഈ നീര്‍ത്തടവും പഴയ പ്രതാപത്തിലേക്കു വന്നു. ചെലവ് 30 ലക്ഷം രൂപയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി. നീര്‍ത്തടത്തിനു ചുറ്റുമായി 1,500 ഏക്കര്‍ പാടത്ത് നെല്‍ക്കൃഷിക്ക് ഇതു പുത്തനുണര്‍വ് പകരുമെന്ന് പമ്പാപരിരക്ഷണ സമിതി പ്രസിഡന്റ് എന്‍.കെ. സുകുമാരന്‍ നായര്‍.
 
പുനരുജ്ജീവന പാതയില്‍ ഉത്തരപ്പള്ളിയാര്‍

ചെങ്ങന്നൂരില്‍ തന്നെയുള്ള ഉത്തരപ്പള്ളിയാറും പുനരുജ്ജീവന പാതയിലാണ്. അച്ചന്‍കോവിലാറ്റില്‍നിന്ന് തുടങ്ങി പമ്പയാറ്റിലവസാനിക്കുന്ന ഈ നദിക്കു നീളം 18 കി.മീറ്റര്‍. ഒഴുക്കു നിലച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞതാണ്. കയ്യേറ്റവും മണലൂറ്റുമാണ് നദിയെ ഇല്ലാതാക്കിയത്. ഇപ്പോള്‍ നദിയുടെ കയ്യേറ്റം അളന്നു തിട്ടപ്പെടുത്തുന്ന നടപടിയിലേക്കു സര്‍ക്കാര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍തന്നെ സ്ഥലത്തെത്തി ഇതിന് തുടക്കംകുറിച്ചു.

ഇനി വരട്ടാറുണ്ട്. ആലപ്പുഴ , പത്തനംതിട്ട ജില്ലകളുടെ അതിരിട്ട് ഒഴുകുന്നു. പമ്പയെ പമ്പയുമായി ബന്ധിപ്പിക്കുന്ന ഈ ആറിന് നീളം ഒന്‍പതു കി.മീ. കയ്യേറ്റവും മണലൂറ്റും തന്നെ ഇതിന്റെയും പ്രശ്‌നം. വരട്ടാര്‍ ഊര്‍ദ്ധന്‍ വലിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിടുന്നു.

തിരുവല്ലാ താലൂക്കിലുള്ള കോലറയാര്‍, അരീത്തോട് എന്നിവയും ഇതേ അവസ്ഥയിലാണ്. നിരണം പഞ്ചായത്തിലെ കോലറയാറിന് 11 കി.മീ നീളം, 30 മീറ്റര്‍ വീതി. അരീത്തോട് പമ്പയിലേക്ക് വെള്ളമെത്തിക്കുന്ന നീര്‍ത്തടം. അതും മലിനം.

കുട്ടമ്പേരൂരാറും വരാച്ചാലും പുനരുജ്ജീവിപ്പിച്ച മാതൃകമതി ഈ ജലാശയങ്ങളിലും വെള്ളമൊഴുകും.