ആലക്കോട്: ഞായറാഴ്ച മെല്‍ബണില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ അക്രമിയുടെ കുത്തേറ്റ മലയാളി വൈദികന്‍ രണ്ടുമാസം മുന്‍പ് ആലക്കോട്ടെത്തിയിരുന്നു. മെല്‍ബണ്‍ രൂപതയില്‍ ദീര്‍ഘകാലമായി ശുശ്രൂഷചെയ്തുവരുന്ന ഫാ. ടോമി കളത്തൂര്‍ മാത്യു എന്ന വൈദികന്റെ അടുത്ത സുഹൃത്തായ ആലക്കോട് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ആന്റണി ആനക്കല്ലിലിനെ സന്ദര്‍ശിക്കാനാണ് അദ്ദേഹം എത്തിയത്. ഫാ. ടോമി രണ്ടുദിവസം ഇവിടെ ഉണ്ടായിരുന്നു. ആലക്കോട് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്തു.

അപകടനില തരണംചെയ്ത ഫാ. ടോമി സുഖം പ്രാപിച്ചുവരുന്നതായി മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍ യൂഗ്രേഗ് ബെന്നറ്റ് അറിയിച്ചു. സംഭവത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകരുതെന്നുപറഞ്ഞ ഫാ. ടോമി ഇടവകയിലെ വിശ്വാസികളെക്കുറിച്ച് ആശങ്ക പങ്കുവെച്ചതായും വികാരി ജനറാള്‍ അറിയിച്ചു. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചതായും വികാരി ജനറാള്‍ വെളിപ്പെടുത്തി. ഫാ. ടോമിന് നേരെയുണ്ടായ അക്രമത്തില്‍ ദുഃഖം രേഖപ്പെടുത്തി. ആലക്കോട് സെന്റ് മേരീസ് പള്ളിയില്‍ തിങ്കളാഴ്ച പ്രത്യേക പ്രാര്‍ഥന നടത്തി.