കണ്ണൂര്‍: ഇടതുവിദ്യാര്‍ഥി കൂട്ടായ്മയ്ക്ക് തടസ്സമാകുന്നത് സര്‍ക്കാര്‍-എസ്.എഫ്.ഐ. നിലപാടാണെന്ന് എ.ഐ.എസ്.എഫിന്റെ സംഘടനാറിപ്പോര്‍ട്ട്. കണ്ണൂരില്‍ സംസ്ഥാന സമ്മേളനത്തില്‍ ഞായറാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ പരമാര്‍ശങ്ങള്‍. ബി.ജെ.പി. സര്‍ക്കാരിനെതിരേ നിലപാടെടുക്കുമ്പോഴും സര്‍ക്കാരില്‍ ചിലര്‍ക്ക് മോദി ബാധയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം സര്‍ക്കാരിനെതിരായ കുറ്റങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ കാണിച്ച സമീപനംപോലും വിദ്യാര്‍ഥി സംഘടനകളോട് ഈ സര്‍ക്കാരിനില്ല. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തിയില്ല. എസ്.എഫ്.ഐയും സര്‍ക്കാരും കാണിച്ച ഒളിച്ചുകളിക്ക് എ.ഐ.എസ്.എഫും സി.പി.ഐ. നേതൃത്വവും കൂട്ടുനില്‍ക്കാത്തതിന്റെ ഫലമായി ലോ അക്കാദമി സമരത്തില്‍ മാത്രമാണ് ഏക ചര്‍ച്ചനടന്നത്.

എ.ബി.വി.പിയുടെ നിലപാടിനെതിരേ നിലപാടെടുക്കുന്ന എസ്.എഫ്.ഐ., സമാന സമീപനമാണ് അവര്‍ക്ക് സ്വാധീനമുള്ള കോളേജുകളില്‍ നടപ്പാക്കുന്നത്. തിരുവനന്തപുരം എം.ജി. കോളേജില്‍ എ.ബി.വി.പി.യുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെങ്കിലും കേരളത്തിലെ മറ്റ് 64 കാമ്പസുകളില്‍ എസ്.എഫ്.ഐയാണ് ഇതേനിലപാട് സ്വീകരിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരേ ഇടതുവിദ്യാര്‍ഥി കൂട്ടായ്മയുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍, ഇടതുമുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇതംഗീകരിക്കാന്‍ എസ്.എഫ്.ഐ. തയ്യാറായിരുന്നില്ല. അസഹിഷ്ണുതയുള്ളവരോട് സഖ്യം വേണ്ടെന്ന നിലപാടാണ് കേരള സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫ്. സ്വീകരിച്ചത്. 27 പുതിയ സ്വാശ്രയകോളേജുകളില്‍ എ.ഐ.എസ്.എഫ്. പുതിയ യൂണിറ്റ് തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ മര്‍ദിക്കാനാണ് എസ്.എഫ്.ഐ. ഒരുങ്ങിയത്. ഇവരാണ് എ.ബി.വി.പി.യുടെ ഫാസിസ്റ്റ് സമീപനത്തിനെതിരേ സംസാരിക്കുന്നതെന്ന പരിഹാസവും റിപ്പോര്‍ട്ടിലുണ്ട്.

യൂണിവേഴ്‌സിറ്റി കാമ്പസിലെ സദാചാര ഗുണ്ടായിസം, മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചത്, വിക്ടോറിയ കോളേജില്‍ ശവക്കല്ലറ ഒരുക്കിയത് എന്നിവയെല്ലാം ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണ്. ഇതിനെ വിദ്യാര്‍ഥികളുടെ ഉന്നത കലാസൃഷ്ടിയെന്ന് വിശേഷിപ്പിച്ച സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നിലപാട് അപക്വമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.