ആലുവ: നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി അക്രമിസംഘം തയ്യാറാക്കിയത് ഒരുമാസത്തോളം നീണ്ട ആസൂത്രണത്തിനുശേഷം. ഇതിനായി കാറ്ററിങ് സര്‍വീസുകാര്‍ ഉപയോഗിക്കുന്ന ടെമ്പോ ട്രാവലര്‍ വാടകയ്‌ക്കെടുത്തു. കൃത്യത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സുനിയുടെ പദ്ധതിയെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും അഡ്വാന്‍സായി പണം നല്‍കിയിരുന്നില്ല. പണം നടിയുടെ പക്കല്‍നിന്ന് ലഭ്യമാകുന്നമുറയ്ക്ക് നല്‍കാമെന്നാണ് സുനി കൃത്യത്തെപ്പറ്റി മുന്‍ധാരണയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നത്.

സംഭവത്തിനുശേഷം പ്രതികള്‍ നേരെയെത്തിയത് തമ്മനത്താണ്. പദ്ധതി വിജയച്ചെന്ന ധാരണയിലാണ് അവര്‍ തിരികെ താമസസ്ഥലത്തെത്തിയത്. എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ സുനിയുടെ ഫോണിലേക്ക് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കോളുകള്‍ എത്തി. ഇതോടെ സുനിയും മറ്റുള്ളവരും മുങ്ങുകയായിരുന്നു.

സംഭവം ചലച്ചിത്രമേഖലയിലുള്ളവര്‍ എങ്ങനെ അറിഞ്ഞുവെന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ആരെല്ലാമാണ് സുനിയുടെ ഫോണിലേക്ക് വിളിച്ചതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ മാത്രമാണ് പ്രതികള്‍ ശ്രമിച്ചതെന്നും മറ്റ് ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഒളിവിലുള്ള സുനി, മണികണ്ഠന്‍, വിജീഷ് എന്നിവരുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ മൂന്നുപേരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ ഒരുമിച്ച് ഉണ്ടായിരിക്കാനുള്ള സാധ്യത കുറവാണെന്നും പോലീസ് പറഞ്ഞു. ഉള്‍റോഡുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ആദ്യം സഞ്ചരിച്ചിരുന്നത്. ടോള്‍പ്ലാസകളിലോ, സി.സി. ക്യാമറകളിലോ ഇവരുടെ വാഹനത്തിന്റെ ദൃശ്യം പതിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ പ്രത്യേകയോഗം ചേര്‍ന്നു. പുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. എ.ഡി.ജി.പി. ബി. സന്ധ്യ, റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്, ഡി.സി.പി. യതീഷ് ചന്ദ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.