Keralaകൊച്ചി :കാഴ്ചകൾ മൂടിത്തുടങ്ങിയ കണ്ണുകളിൽ തുളുമ്പിനിന്ന നീർത്തുള്ളികൾ തുടയ്ക്കുന്നതിനിടെ ആ വയോധികയുടെ വിറയാർന്ന ചുണ്ടുകളിൽനിന്ന് രണ്ടുവാചകങ്ങൾ ഇടറിവീണു- ‘‘എന്റെ അവസാനം ഇവിടെയാണ്. ദാ, ഇവരുടെയും...

അവിടെയുണ്ടായിരുന്ന ആർക്കും അതിൽ അൽപംപോലും സംശയമുണ്ടായിരുന്നില്ല. കാരണം,  പ്രതീക്ഷയുടെ തരിപോലുമില്ലാതെ മരണം കാത്തിരിക്കുന്നവരാണ് അവരെല്ലാം.

പ്രിയപ്പെട്ടവർ എത്തുമെന്നും കൂട്ടിക്കൊണ്ടുപോകുമെന്നും ഒരു ദിവസമെങ്കിലും കുടുംബത്തിൽ എല്ലാവരുമൊന്നിച്ച് സന്തോഷത്തോടെ കഴിയാമെന്നുമുള്ള പ്രതീക്ഷകൾ അവരെ അലോസരപ്പെടുത്താനില്ല. ഉള്ളത് ഒന്നുമാത്രം- ഇന്നല്ലെങ്കിൽ നാളെ...

കേരളത്തിൽ ഏറ്റെടുക്കാനാളില്ലാതെ വിവിധ കേന്ദ്രങ്ങളിൽ തള്ളപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതിന്റെ ഭീതിപ്പെടുത്തുന്ന അടയാളങ്ങളിൽ ഒന്നുമാത്രമാണ് കൊച്ചി കൊല്ലംകുടിമുഗളിലെ ‘കരുണാലയ’ത്തിലെ കാഴ്ച.
ഏറ്റെടുക്കാനാളില്ലാതെ പത്തുവർഷത്തിനിടെ ഇവിടെ മരിച്ചത് 1500 പേരാണ്. കരുണാലയത്തോടു ചേർന്നുള്ള ചെറിയ ശ്മശാനത്തിലാണ് ഇവിടെ മരിക്കുന്നവരെ സംസ്കരിക്കുക. പല തട്ടുകളിലായി അടുക്കിവെച്ചാണ് ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുക. ആദ്യം അടക്കിയയാൾക്ക് ഒന്നാം നമ്പർ കിട്ടി. അങ്ങനെ 90 തട്ടുകളിലായി 90 പേർ. ഇവിടം നിറഞ്ഞാൽ ആദ്യ കല്ലറ പൊട്ടിച്ച് അതിൽ അടുത്തയാളെ സംസ്കരിക്കും. ഇത് ആവർത്തിക്കുന്നു. ജാതിയും മതവും വേർതിരിവുകളും ഒന്നുമില്ലാതെ ഒരുമിച്ച്.

തെരുവിൽനിന്ന് കിട്ടുന്നവരും ബന്ധുക്കൾ പുറന്തള്ളുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അസുഖം മാറിയാലും ഇവരെ ആരും ഏറ്റെടുക്കാനെത്താറില്ല. സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധ കേന്ദ്രങ്ങളിലായി ഏറ്റെടുക്കാൻ ആളില്ലാതെ ആയിരക്കണക്കിന് വയോധികരുണ്ടെന്നാണ് പറയുന്നത്. പല കേന്ദ്രങ്ങളിലും ശേഷിയേക്കാൾ എത്രയോ മടങ്ങ്‌ ആളുകളെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ കൃത്യമായ കണക്കെടുക്കാൻപോലും സാമൂഹികക്ഷേമവകുപ്പിന്  സാധിച്ചിട്ടില്ല.

വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുവന്ന്‌ തള്ളുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധം കൂടുകയാണെന്ന്‌ ജില്ലാ സാമൂഹികനീതി ഓഫീസർ പ്രീതി വിൽസൺ പറഞ്ഞു.