കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയിൽ മുൻമന്ത്രിയെന്ന പദവിയിലേക്ക് എ.കെ. ശശീന്ദ്രൻ മാറുമ്പോൾ അമ്പരപ്പിലായിരുന്നു അനുയായികളും നാട്ടുകാരും. അവധിദിവസങ്ങളിൽ സ്വന്തം നിയോജകമണ്ഡലമായ എലത്തൂരിലും ജില്ലയിലും സജീവമായി ഇടപെടുന്ന പതിവിന്‌ മുടക്കമില്ലാതെയാണ് ഞായറാഴ്ചയും തുടങ്ങിയത്. 

ജില്ലയിൽ ഏഴ്‌ പരിപാടികളിലായിരുന്നു ഞായറാഴ്ച  പങ്കെടുക്കേണ്ടിയിരുന്നത്.  മുണ്ടക്കര എ.യു.പി. സ്കൂളിലെ വികസന ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് സ്വകാര്യചാനൽ പുറത്തുവിട്ട ആരോപണം  അറിയുന്നത്. 
മാധ്യമപ്രവർത്തകർമുഖേന വിവരമറിഞ്ഞ പേഴ്‌സണൽ സ്റ്റാഫ് എ.കെ. ശശീന്ദ്രനോട് ആരോപണം സംബന്ധിച്ച് സൂചനനൽകി. തുടർന്ന് ഉദ്ഘാടനം വേഗത്തിലാക്കി ഉച്ചയ്ക്ക് 12.15-ഓടെ സ്കൂളിൽനിന്ന്‌ വെസ്റ്റ്ഹിൽ ഗവ. ഗസ്റ്റ് ഹൗസിലേക്ക്  മടങ്ങി. ഇതിനിടെ പ്രതിഷേധങ്ങൾ ഭയന്ന് കൂടുതൽ പോലീസും സ്ഥലത്തെത്തി. 

എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രവുമായി ബന്ധപ്പെട്ട കൂടിയാലോചനായോഗം നടക്കുന്നതിനാൽ പാർട്ടി അനുയായികളും നേതാക്കളും ഗസ്റ്റ്ഹൗസിലുണ്ടായിരുന്നു. ഫോണിലും അല്ലാതെയുമായി മുതിർന്നനേതാക്കളുമായി കൂടിയാലോചന. വൈകീട്ട് മൂന്നുമണിക്ക് പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചു. ഫാക്സ് വഴി മുഖ്യമന്ത്രിക്ക്‌ രാജിക്കത്ത് കൈമാറി. കോൺഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി., യുവമോർച്ച തുടങ്ങിയ സംഘടനകൾ ഗസ്റ്റ്ഹൗസിന് മുമ്പിലെത്തി പ്രതിഷേധിച്ചു. 

രാജിപ്രഖ്യാപനത്തിനുശേഷം എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രത്തിന്റെ ആലോചനയോഗത്തിൽ മാത്രമാണ് ശശീന്ദ്രൻ പങ്കെടുത്തത്. അനുയായികളിൽ പലരും രാജിവെയ്ക്കരുതെന്ന നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്.  എന്നാൽ, രാജിയെന്ന നിലപാട് ഉറപ്പിക്കുകയായിരുന്നു ശശീന്ദ്രൻ.