മുളങ്കുന്നത്തുകാവ്: ആരോഗ്യശാസ്ത്ര സർവകലാശാല അവസാനവർഷ  എം.ബി.ബി.എസ്. ഫലം പ്രസിദ്ധപ്പെടുത്തുന്നതിന് തലേന്ന് സമൂഹമാധ്യമങ്ങളിലും   സ്വകാര്യ മെഡിക്കൽ കോളേജിന്റെ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പരീക്ഷാഫലം കണ്ടുവെന്ന് വിദ്യാർഥികൾ അറിയിച്ചതിനെത്തുടർന്ന് സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തിൽ ഐ.ടി. നിയമപ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. പ്രാഥമികാന്വേഷണത്തിൽ ഒരു മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ഫലം സമൂഹമാധ്യമങ്ങൾ വഴി തിങ്കളാഴ്ച രാത്രിതന്നെ വിദ്യാർഥികൾ കൈമാറിയതായി ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു.  
 പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സർവകലാശാല പ്രസിദ്ധീകരിച്ചത്. എന്നാൽ, കോലഞ്ചേരി മലങ്കര മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ഫലം ഇതിനുംമുമ്പേ പുറത്തായെന്നാണ് പരാതി. എന്നാൽ, തങ്ങളുടെ വൈബ്‌സൈറ്റിൽ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് കോളേജ് അധികൃതർ പറയുന്നു.