ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ കൈവശമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ താജ് മാന്‍സിങ് ലേലം ചെയ്യുന്നതിന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് സുപ്രീംകോടതിയുടെ അനുമതി. ഇ-ലേലം നടത്താനാണ് ജഡ്ജിമാരായ പി.സി. ഘോഷ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതിനല്‍കിയത്. ഹോട്ടലിന്റെ ലേലം തടയുന്നതിന് ടാറ്റാ ഗ്രൂപ്പിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

ലേലത്തില്‍ ഹോട്ടലിന്റെ നടത്തിപ്പവകാശം ടാറ്റാ ഗ്രൂപ്പ് തിരിച്ചുപിടിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ഒഴിയുന്നതിന് ആറുമാസത്തെ സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ടാറ്റാ ഗ്രൂപ്പില്‍പ്പെട്ട ഐ.എച്ച്.സി.എല്‍. ആണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഇവരുടെ കളങ്കരഹിത ചരിത്രം കണക്കിലെടുത്തുവേണം ലേലംചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന് ഐ.എച്ച്.സി.എല്ലിന് തടസ്സമില്ലെന്ന് എന്‍.ഡി.എം.സി.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ ബോധിപ്പിച്ചു.

ഹോട്ടല്‍ പുനര്‍ലേലം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതിനല്‍കിയതിനെതിരെയാണ് ഐ.എച്ച്.സി.എല്‍. സുപ്രീംകോടതിയെ സമീപിച്ചത്. നവംബര്‍ 21-ന് തത്സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി, അറ്റോര്‍ണി ജനറല്‍ സോളിസിറ്റര്‍ ജനറല്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ലേലംചെയ്യാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ എന്‍.ഡി.എം.സി.യോട് നിര്‍ദേശിച്ചത്.

ഹോട്ടല്‍ നിര്‍മിച്ച് നടത്തുന്നതിന് 1976-ലാണ് ഐ.എച്ച്.സി.എല്ലിന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒന്ന്- മാന്‍സിങ് റോഡിലെ സ്ഥലം എന്‍.ഡി.എം.സി. പാട്ടത്തിന് നല്‍കുന്നത്. 2011-ല്‍ പാട്ടകാലാവധി അവസാനിച്ചു. ഒമ്പതുതവണ കാലാവധി നീട്ടിനല്‍കി. തുടര്‍ന്നാണ് ഹോട്ടല്‍ പുനര്‍ലേലം ചെയ്യാന്‍ എന്‍.ഡി.എം.സി. തീരുമാനിച്ചത്. ഇതിനെതിരേ 2013 ഏപ്രിലിലാണ് ഐ.എച്ച്.സി.എല്‍. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് ഹോട്ടല്‍ പുനര്‍ലേലം ചെയ്യാന്‍ എന്‍.ഡി.എം.സി.ക്ക് ഹൈക്കോടതി അനുമതിനല്‍കി. ഇതിനെതിരേ ഐ.എച്ച്.സി.എല്‍. സപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.