ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വരുന്നത് തടയാന്‍ സാങ്കേതികസംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരും ഇന്റര്‍നെറ്റ് കമ്പനികളും മറ്റു ബന്ധപ്പെട്ട കക്ഷികളും ഒന്നിച്ചിരുന്ന് ഇക്കാര്യം ആലോചിക്കണമെന്ന് ജഡ്ജിമാരായ എം.ബി. ലോകൂര്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പേര് അറിയിക്കാന്‍ ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്‌സ്ബുക്ക് തുടങ്ങിയവയോട് കോടതി നിര്‍ദേശിച്ചു. കമ്പനികളുടെ ഇതുസംബന്ധിച്ച തീരുമാനം ഈമാസം 22-ന് അറിയിക്കണം. കേസ് അന്ന് പരിഗണിക്കും.

അശ്ലീലദൃശ്യങ്ങളും മറ്റും ഉറവിടത്തില്‍ത്തന്നെ തടയുക എന്നത് സാങ്കേതിക വെല്ലുവിളിയാണെന്ന് സി.ബി.ഐ.ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വിഭാഗം കോടതിയെ അറിയിച്ചു. ഇത്തരം ഉള്ളടക്കങ്ങള്‍ തടയാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശവും ആവശ്യമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ തടയുന്നതിന് അമ്പതു രാജ്യങ്ങള്‍ ഹോട്ട്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ഇതുവരെ അത്തരം സേവനം തുടങ്ങിയിട്ടില്ലെന്നും സൈബര്‍ വിഭാഗം അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ട്.