ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരേ കടുത്ത വിമര്‍ശവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍. ട്രിബ്യൂണലിനെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രവിശങ്കര്‍ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

യമുനാതീരത്തിന് നാശമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോകസാംസ്‌കാരികോത്സവത്തിന് അനുമതിനല്‍കിയ സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണെന്നായിരുന്നു രവിശങ്കറിന്റെ പ്രസ്താവന. ഇതിനെയാണ് ട്രിബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

''നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ല. തോന്നുന്നതെന്തും വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് ആരാണ് സ്വാതന്ത്ര്യം നല്‍കിയത്? ഇത് ഞെട്ടിപ്പിക്കുന്നതാണ്'' ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാരിനെതിരേയും ട്രിബ്യൂണലിനെതിരേയും രവിശങ്കര്‍ നടത്തിയ പ്രസ്താവന പരാതിക്കാരനായ മനോജ് മിശ്രയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് പരീഖ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ബെഞ്ചിന്റെ വിമര്‍ശം.

സാംസ്‌കാരികോത്സവം നടത്തിയതിനെത്തുര്‍ന്ന് യമുനാതീരത്ത് വന്‍തോതിലുള്ള പരിസ്ഥിതിനാശമുണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനോട് യോജിക്കാനാവില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ധരിപ്പിച്ചു. നദീതീരം പൂര്‍വസ്ഥിതിയിലാക്കാന്‍ പത്തുവര്‍ഷമെടുക്കുമെന്നും ഇതിന് 42 കോടിരൂപ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
മേയ് ഒന്‍പതിനകം റിപ്പോര്‍ട്ടിന്മേല്‍ മറുപടിനല്‍കാന്‍ ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിനും ബന്ധപ്പെട്ട മറ്റുകക്ഷികള്‍ക്കും നിര്‍ദേശം നല്‍കി.