ന്യൂഡല്‍ഹി: മലയാളിയായ വിമാനജീവനക്കാരനെ ചെരിപ്പൂരി അടിച്ച് വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്വാദ് വീണ്ടും പറന്നു. അതും എയര്‍ ഇന്ത്യ വിമാനത്തില്‍. ഒരുമാസത്തിനുശേഷം ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്ക് ബിസിനസ് ക്ലാസിലാണ് അദ്ദേഹം യാത്രചെയ്തത്.

മലയാളിയായ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ ആര്‍. സുകുമാറിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ചെരിപ്പൂരിയടിച്ചതിനെത്തുടര്‍ന്ന് ഗെയ്ക്വാദിന് നേരത്തെ വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഗെയ്ക്വാദ് പാര്‍ലമെന്റില്‍ ഖേദംപ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വിലക്ക് നീക്കിയത്. എന്നാല്‍, താനിനി വിമാനയാത്രയ്ക്കില്ലെന്നും തീവണ്ടിയില്‍മാത്രമേ സഞ്ചരിക്കുകയുള്ളൂവെന്നും ഗെയ്ക്വാദ് പറഞ്ഞിരുന്നു.

അതിനിടെ, ഗെയ്ക്വാദ് മഹാരാഷ്ട്രയിലെ പോലീസുകാരുമായി പൊരിഞ്ഞ വാക്തര്‍ക്കം നടത്തുന്ന ഒരു വീഡിയോ ബുധനാഴ്ച പുറത്തുവന്നു. എ.ടി.എം. പ്രവര്‍ത്തിക്കാഞ്ഞതിനെത്തുടര്‍ന്ന് പോലീസുകാരെ പുലഭ്യം പറയുന്നതാണ് വീഡിയോയിലുള്ളത്.