ചെന്നൈ: രാഷ്ട്രീയനേതാക്കളും തമിഴ് അനുകൂല സംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ നടന്‍ രജനീകാന്ത് ശ്രീലങ്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നവരുടെ ന്യായങ്ങള്‍ പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നില്ലെന്നും എന്നാല്‍, ഇവരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനുവഴങ്ങി സന്ദര്‍ശനം വേണ്ടെന്നുവെയ്ക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു.

എം.ഡി.എം.കെ. നേതാവ് വൈകോയെ കൂടാതെ വി.സി.കെ. നേതാവ് തിരുമാവളവന്‍, തമിഴ് വാഴ്വുറുമൈ കക്ഷിനേതാവ് വേല്‍മുരുഗന്‍ എന്നിവരും തമിഴ്അനുകൂല സംഘടനകളുമായിരുന്നു രജനീകാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെതിരേ രംഗത്തുവന്നത്.

ശ്രീലങ്കന്‍ കമ്പനിയായ ലൈക ഗ്രൂപ്പിനുകീഴിലുള്ള ജ്ഞാനം ഫൗണ്ടേഷന്‍ ജാഫ്‌നയില്‍ തമിഴ് വംശജര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ കൈമാറുന്ന ചടങ്ങിനായിരുന്നു രജനീകാന്ത് ശ്രീലങ്കന്‍ യാത്രയ്ക്ക് പദ്ധതിയിട്ടത്. അടുത്തമാസം ഒന്‍പത്, പത്ത് തീയതികളിലായിരുന്നു സന്ദര്‍ശനം.
 
തമിഴ് വംശജര്‍ക്കുനേരേ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന ആഭ്യന്തരയുദ്ധകാലത്ത് ലങ്കന്‍ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെയുമായി ബന്ധമുള്ള കമ്പനിയാണ് ലൈക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ജനങ്ങളെ സന്തോഷിപ്പിക്കുന്ന കലാകാരനാണ്. വരുംനാളുകളില്‍ ശ്രീലങ്കയിലെ തമിഴരെ കാണുന്നതിനും അവരുമായി സന്തോഷം പങ്കിടുന്നതിനും ആഭ്യന്തരയുദ്ധം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനും ഭാഗ്യം ലഭിച്ചാല്‍ അതില്‍ രാഷ്ട്രീയംകലര്‍ത്തി തടയാന്‍ ശ്രമിക്കരുതെന്നും രജനീകാന്ത് അഭ്യര്‍ഥിച്ചു.