പുണെ: പുണെയില്‍ മലയാളിയായ റിട്ട. ഉദ്യോഗസ്ഥ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തിരുവല്ല വേണാട് തെക്കതില്‍ ഐഡാത്ത്ചിറ രാധാ മാധവന്‍നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. പുണെ വിശ്രാന്തവാടി ഭൈരവ് നഗറിലെ അംബെനഗരി സൊസൈറ്റിയിലെ സ്വന്തം ഫ്‌ലാറ്റില്‍ ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കഴുത്തറുത്തനിലയില്‍ മൃതദേഹം കണ്ടത്.

പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണവകുപ്പില്‍ പുണെയില്‍ ഉദ്യോഗസ്ഥയായിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ഏതാനും വര്‍ഷങ്ങളായി വിശ്രാന്തവാടിയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പുണെയിലെ മറ്റൊരുവീട്ടില്‍ താമസിക്കുന്ന മകളും ഭര്‍ത്താവും അമ്മയെ കാണാന്‍ രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.

ഇവര്‍ ശരീരത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയും വളകളും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മോഷണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതായും പോലീസ് സംശയിക്കുന്നു. കേസന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് വിശ്രാന്തവാടി ശ്മശാനത്തില്‍ നടക്കും.

രാധയുടെ ഭര്‍ത്താവ് കോഴിക്കോട് ചേവായൂര്‍ സ്വദേശി മാധവന്‍നായര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. മാധവന്‍ നായരും രാധയുടെ ഓഫീസില്‍ത്തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മക്കള്‍: മനോജ് നായര്‍, മഞ്ജു. മരുമക്കള്‍: കരസേനയില്‍ ഡോക്ടറായ കേണല്‍ സഞ്ജയ് നിജാവന്‍, ജ്യോതി.