മൈസൂരു: ദസറയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ മൈസൂരുവില്‍ പുരോഗമിക്കുന്നു. ജില്ലാ ഭരണകൂടമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 17 ഉപകമ്മിറ്റികള്‍ രൂപവത്കരിക്കുന്നതോടെ അവയും ഇക്കാര്യത്തില്‍ പങ്കാളികളാവും. ദസറ ആനകളെ മൈസൂരു കൊട്ടാരത്തില്‍ പ്രവേശിപ്പിക്കുന്ന ചടങ്ങാണ് ഏറ്റവുമാദ്യം നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഈ ചടങ്ങിനുള്ള ഒരുക്കം കൊട്ടാരത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

യെല്‍വാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന ആനകളെ പരമ്പരാഗതചടങ്ങുകളോടെ കൊട്ടാരത്തിന്റെ കിഴക്കുവശത്തുള്ള ജയമാര്‍ത്താണ്ഡ ഗേറ്റുവഴി പ്രവേശിപ്പിക്കും. ഹുന്‍സൂരിലെ വീരഹോശനഹള്ളിയില്‍ ഞായറാഴ്ച നടന്ന ചടങ്ങിനുശേഷം ദസറയുടെ ഭാഗമായുള്ള രണ്ടാമത്തെ ഔദ്യോഗിക ചടങ്ങാണിത്.

ദസറവേളയില്‍ മൈസൂരുവിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതേക്കുറിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞയാഴ്ച വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതയോഗം ചേര്‍ന്നെന്നും സര്‍ക്കാര്‍ വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുകയാണെന്നും മൈസൂരു വിമാനത്താവളം ഡയറക്ടര്‍ മനോജ് കുമാര്‍ സിന്‍ഹ പറഞ്ഞു.

ബെംഗളൂരുവിലെ എച്ച്.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് ചെറിയവിമാനങ്ങള്‍ ഉപേയോഗിച്ച് സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുസാധ്യമായില്ലെങ്കില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് നടത്താനും പദ്ധതിയുണ്ട്.

ഇത്തവണ ദസറ വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതേത്തുടര്‍ന്ന് നിരവധി പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈസൂരുവിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആഡംബര തീവണ്ടിയാത്ര, ഭക്ഷ്യമേള, പുഷ്പമേള, ഡോക്യുമെന്ററി പ്രദര്‍ശനം, ഫിലിംഫെസ്റ്റിവല്‍, ഹെലികോപ്റ്റര്‍ യാത്ര തുടങ്ങിയ പരിപാടികള്‍ ദസറവേളയില്‍ ഉണ്ടാകും. ഇത്തവണ 14 കോടിരൂപയാണ് ദസറയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ ചെലവിടുന്നത്. ദസറയ്ക്ക് മുന്നോടിയായി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുണ്ട്.