PNB Scamമുംബൈ: നീരവ് മോദിയുടെയോ മെഹുല്‍ ചോക്‌സിയുടെയോ തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നെന്ന് അറസ്റ്റിലായ മലയാളി ശിവരാമന്‍ നായര്‍. മെഹുല്‍ ചോക്‌സിയുടെ രത്‌നവ്യാപാരകമ്പനിയായ 'ഗിലി ഇന്ത്യ'യുടെ ഡയറക്ടര്‍മാരിലൊരാളായ ശിവരാമന്‍നായരെ ഞായറാഴ്ചയാണ് സി.ബി.ഐ. അറസ്റ്റുചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മുംബൈ കല്യാണിലെ താമസക്കാരനും പാലക്കാട് സ്വദേശിയുമായ ശിവരാമന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്.

''കമ്പനി തട്ടിപ്പ് നടത്തുന്നതൊന്നും എനിക്കറിയില്ലായിരുന്നു. കമ്പനിയുടെ ഡയറക്ടറാക്കിയതിനാല്‍ വായ്പയെടുക്കുന്നതിനും മറ്റു പലതിനും രേഖകളില്‍ എന്റെ ഒപ്പുവേണമായിരുന്നു. എന്നാല്‍, ഇത് തട്ടിപ്പിനാണെന്നറിഞ്ഞില്ല. ഞാന്‍ ശരിക്കും പെട്ടുപോയതാണ്. അവര്‍ പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കുക മാത്രമാണ് ചെയ്തത്. എനിക്കിതേക്കുറിച്ച് ഒന്നുമറിയില്ല'' -കോടതി വളപ്പില്‍വെച്ച് ശിവരാമന്‍ നായര്‍ പറഞ്ഞു.

സ്റ്റെനോഗ്രാഫറായാണ് ശിവരാമന്‍നായര്‍ ഗിലി ഇന്ത്യയില്‍ ജോലി തുടങ്ങിയത്. പിന്നീട് അദ്ദേഹത്തെ അക്കൗണ്ടിങ് വിഭാഗത്തിലേക്ക് മാറ്റുകയും തുടര്‍ന്ന് ഡയറക്ടറായി നിയമിക്കുകയുമായിരുന്നു. ചോക്‌സിയുടെ ഇരുപതോളം സ്ഥാപനങ്ങളിലാണ് ശിവരാമന്‍നായരെ ഡയറക്ടറാക്കിയത്. ഈ കമ്പനികളൊക്കെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുമുണ്ട്. ബാങ്കില്‍ നിന്ന് ജാമ്യച്ചീട്ട് ലഭിക്കാനുള്ള അപേക്ഷകളിലും മറ്റ് രേഖകളിലും ഒപ്പിട്ടവരില്‍ ഒരാള്‍ ശിവരാമന്‍നായരാണ്.

കമ്പനിയുടെ ഡയറക്ടര്‍ പദവിയല്ലാതെ അതനുസരിച്ച ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ശിവരാമന്‍ നായര്‍ക്കില്ലായിരുന്നു.

അറസ്റ്റിലായവരെ 17 വരെ കസ്റ്റഡിയില്‍ വിട്ടു

മുംബൈ:
ബാങ്ക്തട്ടിപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ ശിവരാമന്‍ നായരടക്കം നാലുപേരെ പ്രത്യേക കോടതി മാര്‍ച്ച് 17 വരെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു.

ശിവരാമന്‍ നായര്‍ മെഹുല്‍ ചോക്‌സിയുടെ ഇരുപതോളം കമ്പനികളില്‍ ഡയറക്ടറാണെന്നും അതിനാല്‍ വിശദമായി ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. ഇദ്ദേഹത്തെക്കൂടാതെ മനീഷ് കെ. ബൊസാമിയ, മിതന്‍ അനില്‍ പാണ്ഡ്യ, സഞ്ജയ് രാംബിയ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

നേരത്തേ അറസ്റ്റിലായ വിപുല്‍ അംബാനിയടക്കം ആറുപേരെ കോടതി മാര്‍ച്ച് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.