ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ കേരള ഹൗസിനെ ലക്ഷ്യമാക്കി പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നു. വ്യാഴാഴ്ച രാത്രി ഗോരക്ഷാപ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയതിനു പുറമെ, വെള്ളിയാഴ്ച മറ്റൊരു വിഭാഗവും പ്രതിഷേധിക്കാനെത്തിയതോടെ കേരള ഹൗസിന്റെ സുരക്ഷ കൂട്ടാന്‍ റെസിഡന്റ് കമ്മിഷണര്‍ പോലീസില്‍ പരാതി നല്‍കി.

ഭാരതീയ ഗോരക്ഷാക്രാന്തിസേനയാണ് വ്യാഴാഴ്ച രാത്രി കേരള ഹൗസിനുള്ളില്‍ പശുവിനെയും കൊണ്ടുവന്ന് പ്രതിഷേധിച്ചത്. കേരളീയര്‍ക്ക് ബുദ്ധി വരട്ടെ എന്നു പ്രഖ്യാപിച്ച് അവര്‍ പാല്‍ വിതരണവും നടത്തി. ഹിന്ദുധര്‍മം സംരക്ഷിക്കാനെന്ന പേരില്‍ കേരള ഹൗസിനുള്ളില്‍ ശംഖനാദവും മുഴക്കി.

വെള്ളിയാഴ്ച രാവിലെ പത്തോടെ ധ്യാന്‍ ഫൗണ്ടേഷന്‍ എന്ന മൃഗക്ഷേമ സംഘടനയുടെ പേരില്‍ അമ്പതോളം പേര്‍ കേരള ഹൗസിലെത്തി. ഉള്ളില്‍ പ്രതിഷേധിക്കാനായി ചിലര്‍ അകത്തു കടന്നപ്പോഴേയ്ക്കും പോലീസെത്തി പിന്തിരിപ്പിച്ചു. തുടര്‍ന്ന്, 'മലയാളികള്‍ നരഭോജികള്‍', 'കന്നുകാലി കശാപ്പ് അനുവദിക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ കേരള ഹൗസ് കവാടം വളഞ്ഞു. തടയാന്‍ ശ്രമിച്ച പോലീസുകാരോട് കയര്‍ക്കുകയും ഉന്തുകയും തള്ളുകയും ചെയ്തു. 'ഞങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നും', 'മതപരമായ കാര്യങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നും അവര്‍ പോലീസിനോടു പറഞ്ഞു. കൂടുതല്‍ പോലീസ് സന്നാഹമെത്തിയതോടെ ഉച്ചയോടെ പിരിഞ്ഞു പോവുകയായിരുന്നു.

അതേസമയം, തലേദിവസം രാത്രി പ്രശ്‌നങ്ങളുണ്ടായിട്ടും പോലീസില്‍ പരാതി നല്‍കാനോ സുരക്ഷ കൂട്ടാനോ കേരള ഹൗസ് അധികൃതര്‍ തയ്യാറായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പരാതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ നടന്നത് സമാധാനപരമായ പ്രതിഷേധമെന്നായിരുന്നു അധികൃതരുടെ മറുപടി. അലംഭാവം തുടര്‍ന്നതിന്റെ തെളിവായി വെള്ളിയാഴ്ച വീണ്ടും സംഘര്‍ഷസ്ഥിതിയുണ്ടായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.

വ്യാഴാഴ്ചത്തെ സംഭവത്തില്‍ കൊണോട്ട്‌പ്ലേസ് പോലീസില്‍ പരാതി നല്‍കിയതായി റെസിഡന്റ് കമ്മിഷണര്‍ ബിശ്വാസ് മേത്ത അറിയിച്ചു. തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളാഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേരള ഹൗസിന്റെ ശാന്തിയും സമാധാനവും തകര്‍ക്കുന്ന ഒരുസംഭവവും ആവര്‍ത്തിക്കാനിടയാക്കരുതെന്ന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷിപ്തതാത്പര്യക്കാരായ ചിലരാണ് രാഷ്ട്രീയകാരണങ്ങളുടെ പേരില്‍ അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കുന്നത്. സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

2015 ഒക്ടോബറില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ കേരള ഹൗസിലെ കാന്റീനില്‍ കയറി ബീഫ് വിളമ്പുന്നുണ്ടോയെന്ന് പരിശോധിച്ചത് വിവാദമായിരുന്നു. അന്ന് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.