ന്യൂഡല്‍ഹി: എം.സി.ഡി. തിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ, കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് ഡി.പി.സി.സി. മുന്‍ പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി ബി.ജെ.പി.യില്‍ ചേര്‍ന്നു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക്കും ലവ്ലിയോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയാണ് ലവ്ലിയെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ''കുട്ടി മരിച്ചു. പാര്‍ട്ടിക്ക് അന്ത്യമായി.
 
'' കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ച് ലവ്ലി പറഞ്ഞു. എം.സി.ഡി. തിരഞ്ഞെടുപ്പില്‍ പണം വാങ്ങിയാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്ന മുതിര്‍ന്നനേതാവ് എ.കെ. വാലിയയുടെ ആരോപണം ആരും ശ്രദ്ധിച്ചില്ല. രണ്ട് വര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ ശ്വാസംമുട്ടി കഴിയുന്ന നിരവധി നേതാക്കന്മാരുണ്ടെന്നും ലവ്ലി പറഞ്ഞു.

നാലുതവണ എം.എല്‍.എ.യായിരുന്ന ലവ്ലി, ഷീലാ ദീക്ഷിത് മന്ത്രിസഭയിലെ പ്രമുഖരിലൊരാളായിരുന്നു. വിദ്യാഭ്യാസം, ടൂറിസം, നഗരവികസനം, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ലവ്ലി, 1998-ല്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും ഗാന്ധിനഗര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച് നിയമസഭയിലെത്തി ലവ്ലി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

കുറെക്കാലമായി പാര്‍ട്ടിവിടുന്നതിനെക്കുറിച്ച് ലവ്ലി ആലോചിച്ചുവരികയായിരുന്നെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചേരികളിലും അനധികൃതകോളനികളിലും താമസിക്കുന്നവരെ പാര്‍ട്ടിക്കൊപ്പം കൊണ്ടുവരാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് ലവ്ലിയുടെ തീരുമാനം തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍.

എം.സി.ഡി. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അവഗണനയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാലിക്കിനെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വസതിക്കുമുന്നില്‍ പരസ്യമായി പ്രതിഷേധിച്ചുകൊണ്ടാണ് തന്റെ വിയോജിപ്പ് മാലിക് പ്രകടിപ്പിച്ചത്.