ന്യൂഡല്‍ഹി: സമയബന്ധിതമായി വരവ് -ചെലവ് കണക്കുകളും നടത്തിപ്പു റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടില്‍ കേരളത്തിന്റെ 2000 കോടി രൂപ കെട്ടിക്കിടക്കുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഈ തുക എങ്ങനെയെങ്കിലും നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി, വിവിധ കേന്ദ്രമന്ത്രാലയങ്ങളില്‍ നേരിട്ടുവന്ന് ചര്‍ച്ച നടത്തണമെന്ന് ചീഫ് സെക്രട്ടറി എല്ലാ വകുപ്പു സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. 2016-17 ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി 6500 കോടി രൂപയാണ് കേരളത്തിനായി വകയിരുത്തിയത്. ഇതില്‍ ഡിസംബര്‍ വരെ 3300 കോടി രൂപ ലഭിച്ചു. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ തിടുക്കത്തില്‍ നടത്തിയ ഇടപെടലിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 1000 കോടി രൂപകൂടി കിട്ടി. ബാക്കിയുള്ള തുക മാര്‍ച്ച് തീരുന്നതോടെ നേടിയെടുക്കാനാണ് ശ്രമം.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കുട്ടനാട് പാക്കേജ്, പട്ടികജാതി-വര്‍ഗ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയുടെ തുകയാണ് കിട്ടാനുള്ളത്. ഇതില്‍ തൊഴിലുറപ്പു പദ്ധതിക്കുള്ള 518 കോടി രൂപയും കാര്‍ഷിക പദ്ധതികള്‍ക്കുള്ള 250 കോടി രൂപയുമാണ് വലിയ തുക.

പദ്ധതി നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ടും കണക്കുകളുമൊക്കെ സമര്‍പ്പിക്കുന്നതിലെ വീഴ്ചയാണ് തുക കെട്ടിക്കിടക്കാനുള്ള കാരണമെന്ന് ഉന്നതോദ്യോഗസ്ഥന്‍ 'മാതൃഭൂമി'യോടു പറഞ്ഞു. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ 75 ശതമാനം പദ്ധതികളുടെയും ചെലവഴിക്കല്‍ റിപ്പോര്‍ട്ട് ഒക്ടോബറിനു മുമ്പേ നല്‍കി കേന്ദ്രവിഹിതവും അധിക സഹായധനവുമൊക്കെ നേടിയെടുത്തപ്പോഴാണ് കേരളത്തിന്റെ ഈ വീഴ്ച. 2015-16 വര്‍ഷം ദേശീയ സാമൂഹിക സഹായ പദ്ധതിയില്‍ അനുവദിച്ചിരുന്ന 111 കോടി രൂപ ഇങ്ങനെ പാഴാവുകയും ചെയ്തു.

അതേസമയം, കാലങ്ങളായി സര്‍ക്കാര്‍ സംവിധാനത്തിലുള്ള മെല്ലെപ്പോക്കാണ് ഈ സ്ഥിതിക്കു കാരണമെന്നാണ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍. പരിഹാരത്തിനുള്ള ആദ്യപടിയായി കേന്ദ്രപദ്ധതികളുടെ ഏകോപനത്തിന് സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസം 1000 കോടി രൂപ കിട്ടിയത് സെല്ലിന്റെ ശ്രമഫലമായിരുന്നു. ഭാവിയില്‍ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അടുത്തിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം തീരുമാനിച്ചിരുന്നു.

യോഗത്തിലെ നിര്‍ദേശങ്ങള്‍:
  • 2017-18 വര്‍ഷം നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ക്ക് ഏപ്രില്‍ ഒന്നിനുമുമ്പ് ഭരണാനുമതി നല്‍കും.
  • പദ്ധതികള്‍ക്കുള്ള സംസ്ഥാനവിഹിതം തുടക്കത്തില്‍തന്നെ അനുവദിക്കും.
  • പണം ചെലവഴിച്ചതിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഒക്ടോബറിനുമുമ്പ് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. 75 ശതമാനം പദ്ധതികളുടെയും ചെലവും കണക്കും സമര്‍പ്പിച്ച് കൂടുതല്‍ വിഹിതത്തിന് ശ്രമിക്കും.
  • ബജറ്റിനു പുറത്തുള്ള പദ്ധതികള്‍ കണ്ടെത്തി കേന്ദ്രമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാന്‍ വകുപ്പു സെക്രട്ടറിമാരെ ചുമതലപ്പെടുത്തും.
  • പദ്ധതിനിര്‍വഹണവും കേന്ദ്രവിഹിതം ചെലവഴിക്കലും നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കും.
  • ഡല്‍ഹിയില്‍ വിവിധ മന്ത്രാലയങ്ങളുമായുള്ള ഏകോപനച്ചുമതല കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ നിര്‍വഹിക്കും
  • പദ്ധതി നടത്തിപ്പില്‍ എം.പിമാരുടെ സഹകരണവും ഇടപെടലും ഉറപ്പാക്കാന്‍ എം.പി. സെല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.