univercityന്യൂഡല്‍ഹി: തലസ്ഥാനത്ത് വ്യാജസര്‍വകലാശാലകളും കോളേജുകളും പെരുകുന്നതായി യു.ജി.സി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും യു.ജി.സി.യും പുറത്തിറക്കിയ പട്ടിക പ്രകാരം ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സാങ്കേതികകോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്.
 
സംസ്ഥാനത്തെ 66 എന്‍ജിനീയറിങ് കോളേജുകള്‍ക്ക് യു.ജി.സി. അനുശാസിക്കുന്ന ഒരു യോഗ്യതകളും ഇല്ല. രാജ്യത്തൊട്ടാകെ കണ്ടെത്തിയിരിക്കുന്ന 23 വ്യാജ സര്‍വകലാശാലകളില്‍ ഏഴെണ്ണവും ഡല്‍ഹിയില്‍തന്നെ. രാജ്യത്ത് 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക അതത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യു.ജി.സി. വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം പ്രവേശനം നടത്തരുത് എന്നുകാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതിനായി വ്യാജ സ്ഥാപനങ്ങളുടെ പട്ടിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.
 
ഡല്‍ഹിക്ക് തൊട്ടുപുറകില്‍ തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമുണ്ട്. പട്ടിക യു.ജി.സി.യുടെയും എ.ഐ.സി.ടി.ഇ.യുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.