ന്യൂഡല്‍ഹി: തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാനങ്ങളില്‍ പ്രത്യേക അതോറിറ്റി വരുന്നു. സംസ്ഥാന പരിസ്ഥിതിമന്ത്രിയായിരിക്കും അതോറിറ്റി അധ്യക്ഷന്‍. നിലവിലുള്ള ദേശീയ തണ്ണീര്‍ത്തട നിയന്ത്രണ അതോറിറ്റിക്കുപകരം ദേശീയ തണ്ണീര്‍ത്തട കമ്മിറ്റിയും രൂപവത്കരിക്കും.

2010-ലെ തണ്ണീര്‍ത്തട പരിപാലനചട്ടത്തിന് പകരമായ പുതിയ 'തണ്ണീര്‍ത്തട (പരിപാലനം, നിയന്ത്രണം) ചട്ടം-2017'-ലാണ് ഈ നിര്‍ദേശമുള്ളത്. 2016-ല്‍ പുറത്തിറക്കിയ കരടിന്മേല്‍ പൊതുജനങ്ങളില്‍നിന്നും ബന്ധപ്പെട്ടവരില്‍നിന്നും ലഭിച്ച അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്താണ് ചട്ടം വിജ്ഞാപനം ചെയ്തത്.

അതോറിറ്റിയുടെ ചുമതലകള്‍

*സംസ്ഥാനങ്ങളിലെ തണ്ണീര്‍ത്തടങ്ങള്‍ കണ്ടെത്തി മൂന്നുമാസത്തിനുള്ളില്‍ പട്ടിക തയ്യാറാക്കുക
*ആറുമാസത്തിനകം വിജ്ഞാപനമിറക്കുക
*ഒരുവര്‍ഷത്തിനുള്ളില്‍ തണ്ണീര്‍ത്തടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍രൂപത്തിലാക്കുക
*തണ്ണീര്‍ത്തടങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുക,
*ഇവ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, *പരിസ്ഥിതിസംരക്ഷണത്തില്‍ തണ്ണീര്‍ത്തടങ്ങളുടെ പങ്കും പ്രാധാന്യവും സംബന്ധിച്ച് ബോധവത്കരണം നടത്തുക
*ചൂഷണവും കൈയേറ്റവും തടയുക
*സാങ്കേതികകാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിന് 90 ദിവസത്തിനുള്ളില്‍ പ്രത്യേകസമിതി രൂപവത്കരിക്കുക
*പരാതിപരിഹാര സമിതികള്‍ രൂപവത്കരിക്കുക

തണ്ണീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട നയങ്ങളിലും കര്‍മപരിപാടികളിലും കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കാനുള്ള ചുമതല ദേശീയ തണ്ണീര്‍ത്തട കമ്മിറ്റിയായിരിക്കും. തണ്ണീര്‍ത്തടങ്ങളുടെ വിവേകപൂര്‍വമായ ഉപയോഗത്തിന് മാര്‍ഗരേഖയും മാനദണ്ഡങ്ങളും തയ്യാറാക്കുക, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റികള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുക, സംസ്ഥാന അതോറിറ്റികള്‍ നിയമം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക തുടങ്ങിയവയും കമ്മിറ്റിയുടെ ചുമതലയാണ്. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയാണ് കമ്മിറ്റിചെയര്‍മാന്‍.