ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു. അച്ഛന്റെ പതിനാറടിയന്തിരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരോള്‍. മൂന്നുദിവസം തന്നെ പരോളില്‍ വിടണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നത്. നളിനിയുടെ ഹര്‍ജി പരിഗണനയ്‌ക്കെടുത്ത ജസ്റ്റിസ് ആര്‍. മാല അവര്‍ക്ക് ഒരു ദിവസം പരോള്‍ അനുവദിച്ചു.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തെ വീട്ടില്‍ മുറിക്കുള്ളില്‍ത്തന്നെ കഴിയണമെന്നും കോടതി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ചൊവ്വാഴ്ച വൈകിട്ട് നാലുമുതല്‍ നളിനിക്ക് പരോള്‍ ലഭിച്ചു. ബുധനാഴ്ച വൈകിട്ട് നാലിനുള്ളില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തണമെന്നാണ് ഉത്തരവ്. നളിനിയുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനും കോടതി വെല്ലൂര്‍ വനിതാ ജയില്‍സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

ചെന്നൈ കോട്ടൂര്‍പുരത്ത് ബുധനാഴ്ചയാണ് നളിനിയുടെ അച്ഛന്‍ ശങ്കരനാരായണന്റെ സഞ്ചയനകര്‍മങ്ങള്‍ നടക്കുന്നത്. ഫിബ്രവരി 23-നാണ് ശങ്കരനാരായണന്‍ തിരുനല്‍വേലിയില്‍ അന്തരിച്ചത്. തൊട്ടടുത്തദിവസം ചെന്നൈയില്‍ നടന്ന അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നളിനിക്ക് പന്ത്രണ്ടുമണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. സഞ്ചയനകര്‍മത്തില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് വെല്ലൂര്‍ വനിതാ ജയില്‍സൂപ്രണ്ടിന് നിവേദനം നല്‍കിയെങ്കിലും പ്രതികരണം കാണാത്തതുകൊണ്ടാണ് അഭിഭാഷകന്‍വഴി നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പരോള്‍ അനുവദിക്കപ്പെട്ടപ്പോള്‍ നളിനി ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ കോട്ടൂര്‍പുരത്തെ സഹോദരന്റെവീട്ടില്‍ നളിനിയെ രഹസ്യമായിക്കണ്ട് അഭിമുഖം തരപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രത്യേക ഉപാധികള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

1991 മെയ് 21-ന് ചെന്നൈയ്ക്കടുത്ത ശ്രീപെരുംപുത്തൂരിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1998 ജനവരി 28-ന് കോടതി നളിനിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും 2000 ഏപ്രിലില്‍ ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു.