മുംബൈ: ലഹരിമരുന്ന് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം മേധാവി സജിമോഹന് അമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക കോടതി അനുമതി നല്‍കി.

സജിമോഹന്റെ അമ്മ പത്തനംതിട്ട കലഞ്ഞൂര്‍ സജിഭവനിലെ പൊടിയമ്മ വര്‍ഗീസ് (75) ചൊവ്വാഴ്ചയാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് മുംബൈയിലെ അഭിഭാഷകന്‍ കെ. ബാലകൃഷ്ണന്‍ മുഖേന പ്രത്യേക കോടതിയോട് ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടുകയായിരുന്നു. ജയിലധികാരികളോടൊപ്പം കേരളത്തിലേക്ക് പോകുന്ന സജിമോഹന്‍ ചടങ്ങ് കഴിഞ്ഞ് ഉടന്‍ മുംബൈയിലേക്ക് മടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.

2009 ജനുവരിയിലാണ് 12 കോടിയോളം വില വരുന്ന ഹെറോയിനുമായി അന്നത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന സജിമോഹന്‍ അറസ്റ്റിലായത്. കേസില്‍ വിചാരണത്തടവുകാരനായി കല്യാണ്‍ ജയിലിലാണ് ഇപ്പോള്‍ ഇയാള്‍. മറ്റൊരു കേസില്‍ ചണ്ഡീഗഢ് നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം മേധാവിയായിരുന്നപ്പോള്‍ ലഹരി മരുന്ന് കടത്തിയതിന് ചണ്ഡീഗഢിലെ പ്രത്യേക കോടതി അദ്ദേഹത്തിന് 13 വര്‍ഷം തടവ് വിധിച്ചിരുന്നു.

ഹരിയാണ പോലീസ് കോണ്‍സ്റ്റബിള്‍ രാജേഷ് കട്ടാരിയയും മുംബൈ സ്വദേശി വിക്കി ഒബ്‌റോയിയുമാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇരുവരും സജിമോഹന്റെ സഹായികളാണെന്നാണ് ഇവരെ പിടികൂടിയ മഹാരാഷ്ട്രാ പോലീസിന് കീഴിലുള്ള ഭീകര വിരുദ്ധസേന കണ്ടെത്തിയത്. ഇവര്‍ വിളിച്ചതനുസരിച്ച് മുംബൈയിലെ ഹോട്ടലില്‍ എത്തിയ സജിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വിക്കി ഒബ്‌റോയ് കേസില്‍ മാപ്പുസാക്ഷിയാണ്. ചണ്ഡീഗഢ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഡയറക്ടറായിരുന്നപ്പോള്‍ പിടികൂടിയ ഹെറോയിന്റെ ഒരു ഭാഗമാണ് സജിമോഹന്‍ മുംബൈയിലേക്ക് കടത്തിയതെന്നാണ് എ.ടി.എസ്. കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്.