കൊച്ചി: അമേരിക്ക ആസ്ഥാനമായ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഒരുപടി ഉയർത്തി. ഏറ്റവും താഴ്‌ന്ന നിക്ഷേപ ഗ്രേഡായ ‘ബിഎഎ3’ -ൽ നിന്ന് ‘ബിഎഎ2’ ആയാണ് റേറ്റിങ് ഉയർത്തിയത്. ഒപ്പം റേറ്റിങ്ങിന്മേലുള്ള വീക്ഷണം ‘പോസിറ്റീവ്’ എന്ന നിലയിൽ നിന്ന് ‘സ്റ്റേബിൾ’ (സ്ഥിരതയുള്ളത്) എന്നാക്കി പരിഷ്കരിച്ചിട്ടുമുണ്ട്.
13 വർഷത്തിനുശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി., പാപ്പരത്തനിയമം തുടങ്ങി കേന്ദ്രസർക്കാരിന്റെ സാമ്പത്തികപരിഷ്കാര നടപടികൾക്ക് ശക്തിപകരുന്നതാണ് മൂഡീസിന്റെ നടപടി.   ബാങ്കുകളിലെ കിട്ടാക്കടം ഉയർന്നാൽ റേറ്റിങ് വീണ്ടും താഴ്ത്തുമെന്ന് മൂഡീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റേറ്റിങ് ഉയർത്തിയത് ഓഹരി വിപണിയിലും വിദേശ നാണ്യ വിപണിയിലും ഉണർവുണ്ടാക്കി. സെൻസെക്സ് 235.98 പോയന്റ് ഉയർന്ന് 33,342.80-ലെത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം 31 പൈസ ഉയർന്ന് 65.01 എന്ന നിലയിലായി.

ക്രെഡിറ്റ് റേറ്റിങ്

വായ്പ തിരിച്ചടയ്ക്കാനുള്ള കമ്പനികളുടെയും സർക്കാരുകളുടെയും ശേഷിയെ വിലയിരുത്തുന്ന പ്രക്രിയയാണ് ‘ക്രെഡിറ്റ് റേറ്റിങ്’. ഇന്ത്യ പോലുള്ള വളർന്നുവരുന്ന രാജ്യങ്ങൾക്ക് അന്താരാഷ്ട്ര കടപ്പത്ര വിപണികളിൽനിന്ന് ഫണ്ട് സമാഹരിക്കാൻ ഉയർന്ന ക്രെഡിറ്റ് റേറ്റിങ് അത്യാവശ്യമാണ്. സർക്കാർ ഇറക്കുന്ന ബോണ്ടുകളിൽ (കടപ്പത്രങ്ങൾ) എത്രത്തോളം വിശ്വസിച്ച് പണമിറക്കാമെന്ന് നിക്ഷേപകർക്ക് സൂചന നൽകുന്നതാണ് ഇത്തരം റേറ്റിങ്ങുകൾ. മോശം റേറ്റിങ് എന്നാൽ, നഷ്ടസാധ്യത കൂടുതൽ ആണെന്നാണ് അർഥം. വളർച്ചസാധ്യത കൂടുന്നതിനനുസരിച്ച് റേറ്റിങ് ഉയരും. ഉയർന്ന റേറ്റിങ് ഉള്ള രാജ്യങ്ങൾക്കും കമ്പനികൾക്കും അന്താരാഷ്ട്ര വിപണികളിൽനിന്ന് കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വായ്പ ലഭിക്കാൻ അവസരമുണ്ടാകും.
ശാസ്ത്രീയമായ രീതികൾ അവലംബിച്ച് റേറ്റിങ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ. മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ്, ഫിച്ച് എന്നിവയാണ് ലോകത്തെ ഏറ്റവും വലിയ മൂന്ന്‌ റേറ്റിങ് ഏജൻസികൾ.‌

നേട്ടങ്ങൾ

റേറ്റിങ് ഉയർത്തിയതോടെ ഇന്ത്യൻ കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ സമാഹരിക്കാൻ അവസരം ലഭിക്കും. ‘ബിഎഎ2’ ആയതോടെ വിദേശരാജ്യങ്ങളിൽനിന്ന് നിലവിലുള്ളതിനെക്കാൾ ഒരു ശതമാനംവരെ കുറഞ്ഞ നിരക്കിൽ വായ്പകളിലൂടെയും കടപ്പത്രങ്ങളിലൂടെയും ഫണ്ട് സ്വരൂപിക്കാനാകും.  
ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഉയരാൻ ഇത് സഹായിക്കും.
വൻകിട വ്യവസായ വായ്പകളിൽ വർധനയുണ്ടാകും. അതുവഴി സമ്പദ്ഘടനയിൽ ഉണർവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ വൻകിട വ്യവസായ വായ്പകളിൽ 40 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.

കാരണങ്ങൾ
 

  • പ്രധാനമായും സർക്കാരിന്റെ സാമ്പത്തികപരിഷ്കരണ നടപടികൾ. നോട്ട് അസാധുവാക്കലിനും ചരക്ക് - സേവന നികുതി നടപ്പാക്കിയതിനും കൈയടി. അഴിമതി കുറയ്ക്കാനും സാമ്പത്തിക ഇടപാടുകൾ ക്രമവത്കരിക്കുന്നതിനും നികുതി പിരിവ് ഊർജിതമാക്കുന്നതിനും സർക്കാർ നടപടികൾ ഫലപ്രദമെന്ന് മൂഡീസിന്റെ വിലയിരുത്തൽ. ഇത് ഇന്ത്യയിലെ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും.
  •  സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികൾക്കുള്ള പണവും ആധാറുമായി ബന്ധിപ്പിച്ച് നേരിട്ടു വിതരണം ചെയ്യാനുള്ള നീക്കത്തിന് പിന്തുണ. ‘സമ്പദ്‌വ്യവസ്ഥയിലെ ക്രമരാഹിത്യം കുറയ്ക്കാനുള്ള സംവിധാനം’ എന്നാണ് മൂഡീസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
  •  ബാങ്കുകളിലെ കിട്ടാക്കടം നിയന്ത്രിക്കുന്നതിനായി നടപ്പാക്കിയ പാപ്പരത്ത നിയമമാണ് മറ്റൊന്ന്. റിസർവ് ബാങ്ക് ഇതുവരെ കിട്ടാക്കടമായി മാറിക്കൊണ്ടിരിക്കുന്ന 41 അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു 50 അക്കൗണ്ടുകൾ കൂടി പരിശോധനയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
  •  ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുൾപ്പെടെ കഴിഞ്ഞമാസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2.11 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ്.
  •  സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയാർന്ന വളർച്ചയ്ക്കും പൊതുകടം മധ്യകാലയളവിൽ കുറയുന്നതിനും വഴിവെക്കുമെന്നും മൂഡീസ് പറയുന്നു.

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി തകർത്തശേഷം നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ മോദി സർക്കാർ കിട്ടുന്ന കച്ചിത്തുരുമ്പിൽ കടിച്ചു തൂങ്ങുകയാണ്. മൂഡീസ് രാജ്യത്തെ ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. റേറ്റിങ് ഉയർന്നത് അത്ര പ്രധാനപ്പെട്ട ഒന്നല്ല. 2,464 പേർ മാത്രം പങ്കെടുത്ത പി.ഇ.ഡബ്ല്യു. സർവേയിലും ഡൽഹി, മുംബൈ നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകബാങ്ക് റിപ്പോർട്ടും ഉയർത്തിക്കാട്ടി വിജയം അവകാശപ്പെടുകയാണ് സർക്കാർ.
-രൺദീപ് സുർജേവാല (കോൺഗ്രസ് വക്താവ്)

റേറ്റിങ് ഉയർത്തിയ നടപടി സ്വാഗതംചെയ്യുന്നു.   രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച പരിഷ്കരണ നടപടികൾക്ക് ലഭിക്കുന്ന വൈകിയുള്ള അംഗീകാരമാണിത്.
മോദി സർക്കാർ സ്വീകരിച്ച പരിഷ്കരണനടപടികൾ ശരിയായ ദിശയിലുള്ളതാണ്.   നോട്ടസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ ഡിജിറ്റൈസേഷനിലെത്തിച്ചു. ആധാർ ഉപയോഗം സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കി. ചരക്ക് - സേവന നികുതി (ജി.എസ്.ടി.) നികുതിഘടനയിൽ നാഴികക്കല്ലായ പരിഷ്കരണമാണ്. സർക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമർശിക്കുന്നവർ തീർച്ചയായും ആത്മപരിശോധന നടത്തും.
-അരുൺ ജെയ്റ്റ്‍ലി (കേന്ദ്ര ധനമന്ത്രി)