mayavathiന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കോടതിയെ സമീപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഇതില്‍ തീരുമാനമുണ്ടാകുമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കാണിച്ചാണ് ബി.ജെ.പി. വന്‍വിജയം നേടിയതെന്ന് തിരഞ്ഞെടുപ്പുഫലംവന്ന ദിവസംതന്നെ മായാവതി ആരോപിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ മായാവതിയുടെ ആരോപണം തള്ളി. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന അവരുടെ ആവശ്യവും കമ്മിഷന്‍ തള്ളി.

കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. പഞ്ചാബില്‍ ആം ആദ്മിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു.