ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷസ്ഥാനമടക്കം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ, ചര്‍ച്ച തത്കാലം വഴിമുട്ടി.

തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനാണ് ഹൈക്കമാന്‍ഡ് തലത്തിലുള്ള ചര്‍ച്ചകള്‍. കെ.പി.സി.സി. അധ്യക്ഷന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. കെ.പി.സി.സി. മുന്‍പ്രസിഡന്റ് വി.എം. സുധീരനും വ്യാഴാഴ്ച രാഹുലിനെ കണ്ടു.

അഞ്ചുവര്‍ഷത്തേക്ക് ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാണ് പദവികള്‍ ഏറ്റെടുക്കില്ലെന്ന് തീരുമാനിച്ചതെന്നും അതു മാറ്റേണ്ട സാഹചര്യമില്ലെന്നും രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാനനേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകളില്‍ ഭൂരിപക്ഷവും നിര്‍ദേശിച്ചത് ഉമ്മന്‍ചാണ്ടിയുടെ പേരായിരുന്നു. ഉമ്മന്‍ചാണ്ടി അധ്യക്ഷനാകണമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് കെ. മുരളീധരന്‍ കഴിഞ്ഞദിവസം പരസ്യമാക്കിയത് ചര്‍ച്ചകള്‍ ഏതുദിശയില്‍ നീങ്ങുന്നെന്ന് പ്രകടമാക്കി.

സ്ഥിരം അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ച കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്കു വിളിപ്പിച്ചതായിരുന്നു. എന്നാല്‍, പദവികള്‍ ഏറ്റെടുക്കില്ലെന്ന മുന്‍ നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. പകരം, അധ്യക്ഷസ്ഥാനത്തേക്ക് മറ്റു ചില പേരുകള്‍ അദ്ദേഹം നിര്‍ദേശിച്ചതായി അറിയുന്നു.

സംഘടനാ തിരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു ഇടക്കാല അധ്യക്ഷനെ നിയമിക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പുതിയ വ്യക്തിയെ സമവായത്തിലൂടെ വേണമെങ്കിലും കണ്ടെത്താമെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.

മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായും ഇരുനേതാക്കളും വെവ്വേറെ ചര്‍ച്ചകള്‍ നടത്തി.