കൊച്ചി: കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോൾ, കേരളത്തിലെ ബി.ജെ.പി. നേതാക്കൾ അഴിമതി ആഘോഷമാക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. വാജ്‌പേയി സർക്കാർ അധികാരത്തിലിരുന്നപ്പോൾ, പെട്രോൾ പമ്പ് അഴിമതിയിലാണ് നേതാക്കൾ ഉൾപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ മെഡിക്കൽ കോളേജ് വിവാദമാണ് പാർട്ടിയെ വേട്ടയാടുന്നത്. 

വാജ്‌പേയി സർക്കാരിന്റെ കാലത്ത് പെട്രോൾ പമ്പുകൾ അനുവദിക്കാൻ കോടികൾ കൈപ്പറ്റിയെന്നാണ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതിയായിരുന്നു അത്. പമ്പുകൾ അനുവദിക്കാൻ നേതാക്കൾ പാർട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചെന്ന് ആരോപണമുണ്ടായി.  പ്രാഥമിക അന്വേഷണത്തിൽ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്.

എന്നാൽ, തുക അതിലും അപ്പുറം പോകുന്നതായിരുന്നു. കോടികൾ പാർട്ടിയുടെ പേരിൽ പിരിച്ചെടുത്ത നേതാക്കൾ പാർട്ടിക്ക് നൽകിയതാകട്ടെ രണ്ട്‌ കോടി മാത്രവും. ബാക്കി പണം നേതാക്കൾ തന്നെ കൈകാര്യം ചെയ്തു. ആർ.എസ്.എസിൽ നിന്നുവന്ന തലമുതിർന്ന നേതാവിനെതിരെയായിരുന്നു അന്ന് ആരോപണങ്ങൾ ഏറെയും. പാർട്ടിക്കുള്ളിലെ ‘പരസ്യമായ’ പണമിടപാടായിരുന്നു അത്. കേന്ദ്ര നേതൃത്വം അറിഞ്ഞുതന്നെയായിരുന്നു ഇത്. പിരിച്ച പണം പാർട്ടിയുടെ അക്കൗണ്ടിലേക്ക് പോയില്ല. പാർട്ടി അക്കൗണ്ടിലെക്ക് പണം ഇടുന്നത് സുരക്ഷിതമല്ലെന്ന കാരണത്തിൽ നേതാക്കൾതന്നെ സ്വന്തംനിലയിൽ അത് കൈകാര്യം ചെയ്തു.

പി.കെ. വാസുദേവൻ നായരുടെ മരണത്തെ തുടർന്ന്  തിരുവനന്തപുരത്ത് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ദയനീയമായി പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച രാമൻ പിള്ള സമിതിയാണ്, പാർട്ടിക്കുള്ളിൽ നടന്ന പെട്രോൾ പമ്പ് കുംഭകോണം വിനയായെന്ന് വിലയിരുത്തിയത്. പാർട്ടി സ്ഥാനാർഥിയായിരുന്ന മുൻ സംസ്ഥാന പ്രസിഡന്റ്‌ സി.കെ. പത്മനാഭന് മുപ്പത്തേഴായിരത്തിൽ താഴെ വോട്ടുമാത്രമാണ് അന്ന് ലഭിച്ചത്.  

പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ തോൽവിയെക്കുറിച്ച് അന്വേഷിച്ച സമിതി, പെട്രോൾ പമ്പ് അനുവദിക്കുന്നതിന് വാങ്ങിയ പണം പാർട്ടിക്ക് കിട്ടിയില്ലെന്നും അതു നേതാക്കളുടെ കൈകളിലേക്ക് പോയെന്നും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കായിപ്പോലും ആ പണം ഉപയോഗിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി. പാർട്ടിയിലെ ‘പണമിടപാട്’ പരസ്യമാക്കപ്പെട്ടിട്ടും അന്ന് ഒരു നടപടിപോലും ആർക്കെതിരേയും ഉണ്ടായില്ല. ബി.ജെ.പി. വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

മെഡിക്കൽ കോളേജുകൾ അനുവദിക്കാമെന്ന പേരിൽ ചിലർ പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. പാർട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങൾ ചരടുവലിച്ചാണ് പരാതികൾ കേന്ദ്രനേതൃത്വത്തിനു മുന്നിൽ എത്തിച്ചത്. ഇതേത്തുടർന്ന് ദേശീയ പ്രസിഡന്റ്‌ അമിത് ഷാ തന്നെ സംഭവങ്ങൾ അന്വേഷിക്കാൻ നിരർദേശിക്കുകയായിരുന്നു.നേതാക്കളായ കെ.പി. ശ്രീശനും  എ.കെ. നസീറും ഉൾപ്പെടുന്ന സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നാലുപേർക്കെതിരെ കുറ്റം കണ്ടെത്തിക്കൊണ്ടുള്ള  റിപ്പോർട്ടാണ് പാർട്ടിക്കു മുന്നിലുള്ളത്. അവർക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുന്നുണ്ട്.

പെട്രോൾ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നപ്പോൾ ആർ.എസ്.എസിന്റെ നിയന്ത്രണം ബി.ജെ.പിയിൽ കുറവായിരുന്നു. ആർ.എസ്.എസിലൂടെ പാർട്ടിയിലെത്തിയ ഉന്നതനെതിരെയായിരുന്നു അന്ന് ആരോപണങ്ങളേറെയും ഉയർന്നത്. ഇന്ന് പാർട്ടിയെ അടിമുടി ആർ.എസ്.എസ്. നിയന്ത്രിക്കുമ്പോൾ എന്തു നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.

കര്‍ശന നടപടി - കുമ്മനം

കൊച്ചി: വാജ്പേയി ഭരണകാലത്തെ പെട്രോള്‍ പമ്പ് അഴിമതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. താന്‍ പാര്‍ട്ടിനേതൃത്വത്തിലേക്ക് വന്നിട്ട് ഒന്നര വര്‍ഷമാവുന്നതേയുള്ളു. പാര്‍ട്ടിയില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കിട്ടിയിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവും.  പാര്‍ട്ടിയിലെ വലിപ്പചെറുപ്പമൊന്നും ഇക്കാര്യത്തില്‍ നോക്കില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ആരായാലും നടപടിയുണ്ടാവും -കുമ്മനം പ്രതികരിച്ചു.

പെട്രോള്‍ പമ്പ് അഴിമതിയെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടന്നതായി അറിവില്ലെന്ന് ആരോപണം പുറത്തുവന്നകാലത്തെ ബി.ജെ.പി. അധ്യക്ഷനായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. താന്‍ പ്രസിഡന്റായി വരുന്നതിനു മുമ്പ് നടന്നകാര്യങ്ങളാണ് അതെല്ലാം. താന്‍ ചുമതലയേറ്റ ശേഷം പെട്രോള്‍ പമ്പ് അനുവദിക്കുന്ന കാര്യത്തില്‍ നേതാക്കള്‍ ഇടപെടരുതെന്ന് കര്‍ശനമായി നിര്‍ദേശം നല്‍കിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.